ആലപ്പുഴ : ഒളിമ്പിക്സ് വിളംബരാഘോഷത്തിന് ആവേശം പകരാൻ മൂൻ ഇന്ത്യൻ ഗോൾ കീപ്പർ കെ.ടി. ചാക്കോ ആലപ്പുഴയിലെത്തി. കേരള പൊലീസിൽ നിന്ന് എസ്.പിയായി വിരമിച്ച ചാക്കോ ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സംഘടിപ്പിച്ച ഷൂട്ട് @ ഗോൾ പെനാൽറ്റി കിക്ക് ഉദ്‌ഘാടനം ചെയ്യാനാണ് എത്തിയത്. ഉദ്‌ഘാടന സമ്മേളനത്തിൽ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു അദ്ധ്യക്ഷനായി.
സെക്രട്ടറി സി.ടി.സോജി, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. ഷാനവാസ്, ,ജില്ലാ ഫുട്ബാൾ അസോസിയേഷൻ ട്രഷറർ ആദിത്യവിജയകുമാർ, സെക്രട്ടറി ബി.എച്ച്. രാജീവ്, ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ്
ടി.ജയമോഹൻ, കേരള പ്രീമിയർ ലീഗ് ചെയർമാനും ഒളിമ്പിക് അസോസിയേഷൻ ഭരവാഹിയുമായ കെ.എ. വിജയകുമാർ എന്നിവർ പങ്കെടുത്തു.
ഉദ്‌ഘാടനത്തിനു ശേഷം മാദ്ധ്യമ പ്രവർത്തകരും ജില്ലാ ഫുട്ബാൾ അസോസിയേഷൻ താരങ്ങളും തമ്മിൽ നടന്ന മത്സരത്തിലും ചാക്കോ പങ്കെടുത്തു. സ്പാനിഷ് ദേശീയ ജഴ്സി അണിഞ്ഞ് കളത്തിലിറങ്ങിയ ചാക്കോ മാദ്ധ്യമപ്രവർത്തകരുടെ ടീമിനു വേണ്ടി മുന്നേറ്റക്കാരനായാണ് കളിച്ചത്. മാദ്ധ്യമ പ്രവർത്തകരുടെ ടീം 2-0ന് വിജയിച്ചു.
ഒളിമ്പിക് അസോസിയേഷന്റെയും ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ജില്ലയിലെ നഗര-ഗ്രാമ പ്രദേശങ്ങളിലെ വാർഡുകളിൽ അടക്കം 150 കേന്ദ്രങ്ങളിൽ "50K ഒളിമ്പിക് ഗോൾ" മത്സരം നടന്നു.
കായംകുളത്ത് യു. പ്രതിഭ എം.എൽ.എയും മാവേലിക്കരയിൽ എം.എസ്. അരുൺ കുമാർ എം.എൽ.എയും അമ്പലപ്പുഴയിൽ എച്ച്. സലാം എം.എൽ.എയും ചേർത്തലയിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയും ആലപ്പുഴ റിക്രിയേഷൻ മൈതാനത്ത് നഗരസഭ ചെയർപേഴ്സൺ സൗമ്യരാജും ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ മുതൽ ജില്ലയിലെ കേന്ദ്രങ്ങളിൽ 5k ഒളിമ്പിക് മാരത്തോൺ നടത്തുമെന്ന് ജില്ലാ ഒളിമ്പിക് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.