ambala
അമ്പലപ്പുഴ _തിരുവല്ല റോഡിൽ തകഴി പാലത്തിനു സമീപത്തു നിന്നും അഗ്നിരക്ഷാസേന യുടെ ഓഫീസിലേക്കുള്ള തകർന്നടിഞ്ഞ റോഡ്

അമ്പലപ്പുഴ: അമ്പലപ്പുഴ - തിരുവല്ല റോഡിൽ തകഴി പാലത്തിനു സമീപത്തു നിന്നും അഗ്നിരക്ഷാസേന യുടെ ഓഫീസിലേക്കുള്ള തകർന്നടിഞ്ഞ റോഡിന്റെ പുനർനിർമ്മാണജോലികൾ ആരംഭിക്കാത്തതിൽ പ്രതിഷേധമുയരുന്നു.

കുട്ടനാട്ടിലെ ഏക മിനി ഫയർ സ്റ്റേഷനാണ് തകഴിയിലേത്. അടിയന്തര ഘട്ടങ്ങളിൽ അഗ്നിരക്ഷാസേന യുടെ വാഹനങ്ങൾ പുറത്തേക്ക് ഇറക്കാൻ കഴിയാത്തവിധം വലിയ കുഴികൾ റോഡിൽ രൂപപ്പെട്ടിട്ടുണ്ട്. 2018 ലെ പ്രളയത്തിൽ തകർന്ന ഈ റോഡ് പുനർനിർമ്മിക്കുന്നതിനായി റീ ബിൽഡ് പദ്ധതിയിലുൾപ്പെടുത്തി ടെൻഡർ നടപടികൾ നടന്നെങ്കിലും നിർമ്മാണജോലികൾ ഇതുവരെ ആരംഭിച്ചിട്ടില്ല.

കാലവർഷം ശക്തിപ്പെട്ടതോടെ റോഡിലൂടെയുള്ള ഗതാഗതം നിർത്തി വയ്ക്കേണ്ട അവസ്ഥയാണുള്ളത് . 100 മീറ്റർ മാത്രം നീളം വരുന്ന റോഡിന്റെ നിർമ്മാണ പ്രവർത്തനം നടത്തുന്നതിൽ കാലതാമസം നേരിടുന്നത് അധികൃതരുടെ ഭാഗത്തു നിന്നുള്ള ഗുരുതരമായ അലംഭാവമാണ് എന്ന് സി.പി.ഐ തകഴി ലോക്കൽ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. തകഴി കടവിൽ കൂടിയ യോഗം സി.പി.ഐ കുട്ടനാട് മണ്ഡലം സെക്രട്ടറിയേറ്റംഗം അഡ്വ.സുപ്രമോദം ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി സാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ആർ .മദനൻ സ്വാഗതം പറഞ്ഞു. സി .പൊന്നപ്പൻ, ജി .നാരായണൻ എന്നിവർ സംസാരിച്ചു.