ആലപ്പുഴ : ആലപ്പുഴ നഗരസഭയിലെ പഞ്ചകർമ്മ ആശുപത്രിയുടെ നിർമ്മാണത്തിലെ സാങ്കേതിക തടസങ്ങൾ നീക്കാനുള്ള നടപടികൾ സ്വീകരിക്കും. അമ്പലപ്പുഴ മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പുരോഗതി വിലയിരുത്താൻ എച്ച്.സലാം എം.എൽ.എ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം.
മണ്ഡലത്തിലെ നിർമ്മാണത്തിലിരിക്കുന്ന റോഡുകളുടെ നിലവിലെ അവസ്ഥ യോഗം ചർച്ച ചെയ്തു. വാട്ടർ അതോറിറ്റി, പൊതുമരാമത്ത് വിഭാഗങ്ങൾ തമ്മിൽ സാങ്കേതിക തർക്കങ്ങൾ നിലനിൽക്കുന്ന റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ വകുപ്പുകളുടെ സംയുക്ത ഇടപെടലുണ്ടാകും.
ഇതിന്റെ ഭാഗമായി ഈ മാസം 26 ന് ഇരു വിഭാഗങ്ങളും ചേർന്നു നിർമ്മാണ സ്ഥലങ്ങളിലെത്തി പരിശോധന നടത്തി തുടർ നടപടികൾ സ്വീകരിക്കും.
യോഗത്തിൽ ആലപ്പുഴ നഗരസഭ ചെയർപേഴ്‌സൺ സൗമ്യാ രാജ് , ഡെപ്യൂട്ടി കളക്ടർമാരായ ആന്റണി സക്കറിയ, എസ്. ശോഭ,ആയുഷ് മിഷൻ ഡി. എം. ഒ ഡോ. ഷീബ, ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ശ്രീജിനൻ, പൊതുമരാമത്തു എക്‌സിക്യൂട്ടീവ് എൻജിനീയർ ആർ.അനിൽകുമാർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ മോളമ്മ തോമസ്, വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് എൻജിനീയർമാരായ എ.ഷീജ, സി.വി.സുനിൽ, ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനീയർ ബിനു ബേബി, തുടങ്ങിയവർ പങ്കെടുത്തു.