മാവേലിക്കര: തൃതല പഞ്ചായത്തുകളുടെ സഹായത്തോടെ ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച ബഡ്‌സ് റീഹാബിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം അഡ്വ.യു.പ്രതിഭ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ് മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് ലളിത ശശിധരൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ എസ്.ശ്രീജിത്ത്, കെ.ഓമനക്കുട്ടൻ, സുമകൃഷ്ണൻ, ജില്ലാപഞ്ചായത്തംഗങ്ങളായ കെ.ജി സന്തോഷ്, ജി.ആതിര, കുടുംബശ്രീ മിഷൻ ജില്ലാ കോഓഡിനേറ്റർ പ്രശാന്ത് ബാബു, എസ്.ശ്രീകല എന്നിവർ സംസാരിച്ചു.
മൂന്നാം വാർഡില്‍ ജവഹർ കോളനിക്ക് സമീപം 20 ലക്ഷം രൂപ ചെലവഴിച്ചാണ് റീഹാബിലിറ്റേഷൻ സെന്റർ ആരംഭിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ വീടുകളിൽ നിന്ന് വാഹനത്തിൽ സെന്ററിലെത്തിച്ച് പകൽ മുഴുവൻ അവരുടെ മാനസികോല്ലാസത്തിനുള്ള സൗകര്യവും പരിചരണവുമൊരുക്കുകയാണ് പദ്ധതി. കുട്ടികളെ വൈകിട്ട് വാഹനത്തിൽ തിരികെ വീടുകളിലെത്തിക്കും. പരിശീലനം ലഭിച്ച ഒരു അദ്ധ്യാപികയും ആയയും സെന്ററിലുണ്ടാവും.