മുതുകുളം: വീട് കുത്തിത്തുറന്ന് എട്ടു പവൻ സ്വർണവും പന്ത്രണ്ടായിരം രൂപയും അപഹരിച്ചു. കണ്ടല്ലൂർ തെക്ക് ഉഷസിലാണ് തിങ്കളാഴ്ച രാത്രി മോഷണം നടന്നത്. തിങ്കളാഴ്ച രാവിലെ ഗൃഹനാഥൻ സോമദത്തനും ഭാര്യ ഗീതാലക്ഷ്മിയും തിരുവനന്തപുരത്തുള്ള മകന്റെ വീട്ടിൽ പോയിരുന്നതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. വീടിന്റെ മുൻവശത്തെ വാതിൽ തകർത്തു അകത്തു കയറിയ മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്നാണ് കവർച്ച നടത്തി​യത്. രണ്ട് ഉരുളിയും ഒരു അപ്പക്കാരായും മോഷണം പോയിട്ടുണ്ട്. തൊട്ടടുത്തെ മുറിയിലെ അലമാരയും മേശയും തുറന്ന് തുണിയും മറ്റ് സാധനങ്ങളും വാരി വലിച്ചിട്ട നിലയിലാണ്. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം ഇവിടെ നിന്ന് ശബ്ദം കേട്ട സമീപവാസിയായ യുവാവ് അയൽക്കാരുമായി വന്ന് നോക്കിയപ്പോഴാണ് കതക് തുറന്ന് കിടക്കുന്നത് കണ്ടത്. കനകക്കുന്ന് പൊലീസും ഡോഗ് സ്‌ക്വാഡും ഫിംഗർ പ്രിന്റ് വിദഗ്ധരും സ്ഥലത്ത് എത്തി. അനേഷണം പുരോഗമിക്കുകയാണെന്ന് കനകക്കുന്ന് സി. ഐ, ബിജുകുമാർ പറഞ്ഞു. കാരാവള്ളിൽ ജംഗ്ഷൻ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണെന്ന് വീട്ടുകാർ ആരോപിച്ചു.