വള്ളികുന്നം: കറ്റാനത്തിന് സമീപം നിന്ന് 1460 ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ അസി.എക്സൈസ് കമ്മീഷണർ പി.സി.വേണുക്കുട്ടൻ പിള്ളയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. പിടിയിലായ പ്രതികളായ ഇലിപ്പക്കുളം ഇടയില വടക്കതിൽ വീട്ടിൽ ശിവൻ (50), കട്ടച്ചിറ ചാത്തവനത്ത് വീട്ടിൽ മനുക്കുട്ടൻ ( മണിക്കുട്ടൻ - 40) എന്നിവരെ കോടതി റിമാൻഡ് ചെയ്തു. പ്രധാന പ്രതികളായ റിയാസ് ഖാൻ , ഹരി ജോൺ എന്നിവരെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഹാരി ജോൺ മുൻ എക്സൈസ് ഉദ്യോഗസ്ഥനാണ്. ഇയാൾ നേരത്തെയും സ്പിരിറ്റ് കേസിൽ പ്രതിയാണ്.

രാത്രികാലങ്ങളിൽ സ്പിരിറ്റ് എത്തിച്ച് കളറുകൾ ചേർത്ത് വിവിധ ബ്രാൻഡ് മദ്യം എന്നു തോന്നുന്ന രീതിയിലാക്കിയാണ് കച്ചവടം നടന്നിരുന്നത്.10 ലിറ്റർ കന്നാസുകളിൽ നിറച്ച് വിവിധ സ്ഥലങ്ങളിൽ എത്തിക്കുകയാണ് സംഘം ചെയ്യുന്നതെന്ന് എക്സൈസ് അധി​കൃതർ പറഞ്ഞു. പിടി കിട്ടാത്ത മറ്റ് രണ്ട് പേർ നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.