ആലപ്പുഴ: ആലപ്പുഴ നഗരത്തിന്റെ മുഖം മാറ്റുന്ന മൊബിലിറ്റി ഹബിന്റെ നിർമ്മാണത്തിന് ചിങ്ങം ഒന്നിന് തുടക്കം കുറിക്കും. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിർമ്മിക്കുന്ന ഹബിന്റെ ടെസ്റ്റ് പൈലിംഗാണ് ആദ്യം നടക്കുക. ഇത് കഴിഞ്ഞ് 28 ദിവസത്തിനകം വെയ്റ്റ് ടെസ്റ്റ് ആരംഭിക്കും. ഇവിടെ നിന്ന് മാറ്റുന്ന കെ.എസ്.ആർ.ടി.സി ഗാരേജിനായി വളവനാട്ട് താത്കാലിക സംവിധാനത്തിന്റെ നിർമാണവും തുടങ്ങി.
400 കോടി രൂപയുടെ പദ്ധതിക്ക് കഴിഞ്ഞ ഫെബ്രുവരി 17നാണ് കല്ലിട്ടത്. പാരിസ്ഥിതികാനുമതിയടക്കം ലഭിച്ച ഹബിന്റെ നിർമാണച്ചുമതല ഇൻകെൽ ലിമിറ്റഡിനാണ്. ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം സ്ഥലപരിശോധന നടത്തിയശേഷമാണ് പൈലിംഗ് നടത്താൻ തീരുമാനിച്ചത്. ഗാരേജിന്റെ വടക്കേ അറ്റത്ത് പൈലിംഗ് തുടങ്ങാൻ പഴയ കെട്ടിടം പൊളിച്ചുമാറ്റും. താത്കാലിക ഗാരേജിനായി വളവനാട് സി.എച്ച്.സിക്ക് സമീപം ഒരാഴ്ചമുമ്പ് തുടങ്ങിയ നിർമാണം പുരോഗമിക്കുകയാണ്. പാർക്കിംഗ് ഗ്രൗണ്ട് തയ്യാറായി. ഒന്നേമുക്കാൽ ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിൽ 4.07 ഏക്കറിൽ നിർമിക്കുന്ന ഹബ് കിഴക്കിന്റെ വെനീസിന് അലങ്കാരമാകും.
ടെർമിനലിനടുത്തുള്ള പ്രത്യേക ബ്ലോക്കിൽ ബസ് വർക്ക്ഷോപ്പുകളും ഗാരേജും തയ്യാറാക്കും. ഒരുസമയം ഒമ്പത് ബസുകൾ ഉൾക്കൊള്ളും. മെയിന്റനൻസ് ചേമ്പറുള്ള ബേസും കെ.എസ്.ആർ.ടി.സി ഓഫീസും സ്റ്റാഫിന് പ്രത്യേക താമസസൗകര്യവുമുണ്ടാകും.
സൗകര്യങ്ങൾ
ഒന്നാംനിലയിൽ 37 ബസുകൾക്ക് പാർക്കിംഗ്. മൂന്നുനിലകളിലായി 32,628 ചതുരശ്ര അടി വാണിജ്യാവശ്യത്തിന് ഉപയോഗിക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം റൂം സൗകര്യവും ഡോർമിറ്ററിയുമുണ്ടാകും. ഹോട്ടൽ, റെസ്റ്റോറന്റുകൾ, സ്യൂട്ട് റൂമുകൾ, ബാർ, സ്വിമ്മിംഗ് പൂൾ, ഹെൽത്ത് ക്ലബ്, മേൽക്കൂരത്തോട്ടം, മൾട്ടിപ്ലക്സ് തിയേറ്റർ, വെയിറ്റിംഗ് ലോബി, ടിക്കറ്റ് കൗണ്ടർ, ഫുഡ് കോർട്ട് എന്നിവയും പദ്ധതിയുടെ ഭാഗമാണ്.
ബസ് ടെർമിനൽ ഏരിയ .......................58000 ചതുരശ്ര അടി
ബസ് കയറ്റാനും ഇറക്കാനും.....................7 സ്ഥലങ്ങൾ
ബസ് ടെർമിനിൽ നിർമ്മാണ സമയം.........30 മാസം
സർവീസ് പഴയപടി
മൊബിലിറ്റി ഹബ് നിർമ്മാണം തുടങ്ങുമ്പോൾ എവിടെ നിന്ന് ബസ് കയറണമെന്ന് യാത്രക്കാർക്ക് ആശയക്കുഴപ്പം ഉണ്ടാകില്ല. ഡിപ്പോയുടെ മുൻഭാഗം നിറുത്തിയാണ് നിർമ്മാണം .ബസ് സർവീസുകൾ എല്ലാം പഴയപടി തുടരും. രാവിലെ വളവനാടുനിന്ന് വരുന്ന ബസുകൾ ആലപ്പുഴ ഡിപ്പോയിൽ എത്തിയാണ് സർവീസ് നടത്തുക. ദീർഘദൂര സർവീസുകൾ സാധാരണ പോലെ നടക്കും.
.........
'' ചിങ്ങം ഒന്നിന് ഗാരേജിന്റെ നിർമ്മാണം ആരംഭിക്കാനാണ് ലക്ഷ്യം . നിലവിലെ കെ.എസ്.ആർടി.സി ഗാരേജ് മാറ്റും.
(വിജയകുമാർ,ചീഫ് എൻജിനീയർ ഇൻകെൽ ലിമിറ്റഡ്)
''യാത്രക്കാർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയിലാണ് ഹബിന്റെ നിർമ്മാണം നടത്തുക. നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് വളവനാട്ടേയ്ക്ക് ഗാരേജ് മാറ്റും
(വി.അശോക് കുമാർ, ഡി.ടി.ഒ ആലപ്പുഴ)