s

ആലപ്പുഴ: കൊവിഡിൽ ജീവിതമാർഗമടഞ്ഞ നൃത്തനാടക കലാകാരന്മാർ സ‌ർക്കാരിന്റെ കനിവിനായി എം.എൽ.എമാരുടെ ഓഫീസുകൾ കയറിയിറങ്ങുന്നു. നിലവിലെ സാഹചര്യം തുടർന്നാൽ അടുത്ത രണ്ട് സീസണുകൾ കൂടി നഷ്ടമാകുമെന്നാണ് കലാകാരന്മാ‌രുടെ പക്ഷം. ചെറുപ്പകാലം മുതൽ സ്റ്റേജ് കലകളെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന ആയിരക്കണക്കിന് പേരാണ് കേരളത്തിലുള്ളത്. വ‌ർഷങ്ങളായി കലാരംഗത്ത് സജീവമായി പ്രവ‌‌ർത്തിക്കുമ്പോഴും, സർക്കാരിന്റെയോ സംഗീത നാടക അക്കാദമിയുടെയോ യാതൊരു അംഗീകാരവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് നൃത്തനാടക കലാകാരൻമാർ പറയുന്നു.

അക്കാദമി നടത്തുന്ന മത്സരങ്ങളിൽ നൃത്തനാടകങ്ങൾ കൂടി മത്സര വിഭാഗമായി ഉൾപ്പെടുത്തണമെന്ന ഇവരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ജീവിതം വഴിമുട്ടിയതോടെ ലക്ഷങ്ങളുടെ കടബാദ്ധ്യതയാണ് ഓരോ സമിതിയും അഭിമുഖീകരിക്കുന്നത്. സാംസ്കാരിക ക്ഷേമനിധിയിൽ നിന്ന് കൊവിഡ് കാല സമാശ്വാസമെന്ന നിലയിൽ ചെറിയ തുക ലഭിച്ചത് മാത്രമാണ് ഏക ആശ്വാസം. ക്ഷേമനിധി അംഗത്വമില്ലാത്തതിന്റെ പേരിൽ സഹായം ലഭിക്കാതെ പോയ കലാകാരന്മാർ നിരവധിയാണ്. ആവശ്യങ്ങൾ സർക്കാർ തലത്തിൽ എത്തിക്കുന്നതിന് വേണ്ടി സാംസ്കാരിക മന്ത്രി സജി ചെറിയാനും എം.എൽ.എ മാർക്കും നിവേദനം സമർപ്പിക്കാനൊരുങ്ങുകയാണ് നൃത്ത നാടകകലാകാരന്മാർ.

ആവശ്യങ്ങൾ

 നൃത്തനാടക കലാകാരന്മാർക്ക് ഇൻഷുറൻസ് പരിരക്ഷ വേണം

 പലിശ രഹിത വായ്പ അനുവദിക്കുക

 നൃത്ത നാടകത്തെ ക്ഷേത്രകലയായി അംഗീകരിക്കുക

60 വയസ് പിന്നിട്ടിട്ടും ഇന്നേവരെ ക്ഷേമനിധി അംഗത്വം ലഭിക്കാത്ത കലാകാരന്മാരുണ്ട്. ഉത്സവങ്ങളോ സ്റ്റേജ് പരിപാടികളോ പുനരാരംഭിക്കുന്നനാൾ വരെ ഞങ്ങളുടെ ജീവിതം കടുത്ത പ്രതിസന്ധിയിലാണ് - ശാന്തകുമാരി, സംസ്ഥാന കമ്മിറ്റിയംഗം,

ഡാൻസ് ഡ്രാമ ആ‌ർട്ടിസ്റ്റ് ആൻഡ് ടെക്നീഷ്യൻസ് അസോസിയേഷൻ