അമ്പലപ്പുഴ: തോട്ടപ്പളളിയിൽ കരിമണൽ ഖനനവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ കടലമ്മയ്ക്കൊരു പൊങ്കാല സമരത്തിൽ പങ്കെടുക്കാനെത്തിയവർ അറസ്റ്റിൽ. 50 ഓളം പ്രവർത്തകരെ തീരദേശ റോഡിൽ പൊലീസ് തടഞ്ഞു. തുടർന്ന് സമരക്കാർ റോഡിൽ പൊങ്കാലയിട്ടു. സമരക്കാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. അമ്പലപ്പുഴ പൊലീസ് പ്രവർത്തകരെ അറസ്റ്റു ചെയ്ത് സ്റ്റേഷനിൽ എത്തിച്ചു.
പല്ലന എ.കെ.ഡി എസ് കരയോഗത്തിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ സമരം നടന്നത്. ധീവരസഭ കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറി അനിൽ ബി.കളത്തിൽ, ഭാരവാഹികളായ ദേവദാസ്,സുരേഷ്, ബി.ഗോപകുമാർ, രാജു, ലാലി കണ്ടത്തിൽ, മണിയമ്മ എന്നിവരുടെ നേതൃത്വത്തിൽ 50 ഓളം പ്രവർത്തകർ ജാഥയായാണ് സമരത്തിനെത്തിയത്. സമരസമിതി ചെയർമാൻ എസ്. സുരേഷ് കുമാർ, കൺവീനർ അർജുനൻ, സുധി ലാൽ, നാസർ ആറാട്ടുപുഴ എന്നിവർ ചേർന്ന് ജാഥയെ സ്വീകരിച്ചു. പ്രവർത്തകരെ അറസ്റ്റ് ചെയ്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ധീവരസഭ ജില്ലാ പ്രസിഡന്റ് പി.ഉപേന്ദ്രൻ പറഞ്ഞു.