ambala

അമ്പലപ്പുഴ: വാടകയ്ക്കെടുക്കുന്ന വാഹനങ്ങൾ ഉടമ അറിയാതെ മറ്റു സംസ്ഥാനങ്ങളിൽ കൊണ്ടുപോയി പണയപ്പെടുത്തുന്ന സംഘത്തെ കോയമ്പത്തൂരിൽ നിന്ന് അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തു. അമ്പലപ്പുഴ നീർക്കുന്നം പുതുവലിൽ ജയകൃഷ്ണൻ (24),തൃശൂർ കുന്നംകുളം പതിനേഴാം വാർഡിൽ ഇലവന്തറ വീട്ടിൽ ശ്രീരഞ്ജിത്ത് (40), കോട്ടയം വാഴപ്പള്ളി എട്ടാം വാർഡിൽ പുതുപറമ്പു വീട്ടിൽസന്ദീപ് (30), തൃശൂർ ചേലക്കര സ്വദേശി സജീഷ്, തെക്കുംകര സ്വദേശി സജീഷ് എന്നിവരെയാണ് അമ്പലപ്പുഴ സി.ഐ ദ്വിജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ചങ്ങനാശേരി സ്വദേശി രതീഷിന്റെ മാരുതി എർട്ടിഗ കാർ പ്രതിയായ ജയകൃഷ്ണൻ വാടകയ്ക്കെടുത്ത ശേഷം തമിഴ്നാട്ടിലേക്ക് കടത്തി ജി.പി.എസ് ട്രാക്കർ കട്ടു ചെയ്തു. പറഞ്ഞ സമയത്ത് വാഹനം തിരികെ എത്തിക്കാതിരുന്നതിനെ തുടർന്ന് രതീഷ് അമ്പലപ്പുഴ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂരിലെ ഉക്കടത്തു നിന്ന് പ്രതികളെ പിടികൂടിയത്. എർട്ടിഗ കാർ കൂടാതെ കൊട്ടാരക്കര സ്വദേശിയുടെ ഐ 20, ഇയോൺ കാറുകളും കണ്ടെത്തി.മൂന്നു കാറുകളുടേയും നമ്പർ പ്ലേറ്റ് ഊരിമാറ്റിയ നിലയിലായിരുന്നു.എസ്.ഐ ടോൾസൺ പി ജോസഫ്, വിനു കൃഷ്ണൻ, എസ്.ദിലീസ്, പി.സുരാജ്, പ്രദീപ്, വിഷ്ണു വേണുഗോപാൽ, പി.സുനിൽ, സി.മനീഷ്, യു. ഉല്ലാസ്, എം.ഹരികൃഷ്ണൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.