മാവേലിക്കര: താലൂക്ക് സഹകരണ ബാങ്കിലെ തഴക്കര ശാഖയിൽ കോടികളുടെ സാമ്പത്തിക തിരിമറി നടത്തിയ ജീവനക്കാരിൽ നിന്ന് നിലവിലെ ഭരണസമിതി തുക പിടിക്കുന്നില്ലെന്ന ആരോപണവുമായി മുൻ ഭരണസമിതി അംഗങ്ങൾ. ക്രമക്കേടുകൾ അന്നത്തെ ഭരണ സമിതി കണ്ടുപിടിക്കുകയും കുറ്റക്കാരെ പിരിച്ചുവിടുകയും തുക ഈടാക്കുന്നതിന് ആർബിട്രേഷൻ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. പ്രതികളിൽ നിന്നും അപഹരണ തുക ഈടാക്കുന്നതിന് ഹൈക്കോടതിയിൽ നിന്നും വിധി നേടിയെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഹൈക്കോടതി വിധി നടപ്പാക്കുന്നതിന് പകരം പ്രതികളിൽ നിന്നും തുക ഈടാക്കിയെടുക്കാതിരിക്കാനാണ് ഇപ്പോഴത്തെ ബാങ്ക് ഭരണസമതി ശ്രമിക്കുന്നതെന്ന് മുൻ ഭരണസമിതി അംഗങ്ങൾ ആരോപിച്ചു. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് നടന്ന കാലയളവിലെ ഭരണ സമിതി അംഗങ്ങൾക്ക് ക്രമക്കേടുമായി ബന്ധമില്ലെന്ന് റിപ്പോർട്ട് ചെയ്തിരുന്നുവെന്നും ഇവർ അവകാശപ്പെട്ടു. യഥാർത്ഥ പ്രതികളിൽ നിന്നു തുക ഈടാക്കി നിക്ഷേപകരുടെ പണം തിരികെ നൽകുന്നതിന് ഇപ്പോഴത്തെ ഭരണ സമിതി തയ്യാറാകണമെന്ന് മുൻ ഭരണസമിതി പ്രസിഡന്റും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ കുര്യൻ പള്ളത്ത് ആവശ്യപ്പെട്ടു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ നയിക്കുന്ന ഭരണസമിതിയാണ് നിലവിലുള്ളത്.