ആലപ്പുഴ: മാരകായുധങ്ങളുമായി വാടക വീട്ടിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ട് പേരെ മാന്നാർ പൊലീസ് പിടികൂടി.
കായംകുളം പുള്ളിക്കണക്ക് അമ്മു നിവാസിൽ പ്രണവ് (26), പെരിങ്ങാല ദേശത്തിനകം വടക്കേയറ്റത്ത് വീട്ടിൽ സിദ്ദിഖ് താഹ (30) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുരട്ടിക്കാട് മംഗലത്ത് മഠത്തിൽ കിഴക്കേതിൽ വിഷ്ണുരാജിന്റെ പരാതിയിലാണ് അറസ്റ്റ്.
ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. പ്രണവിന്റെ പക്കൽ നിന്നും വിഷ്ണു രാജെടുത്ത കാറിന്റെ വാടകയിനത്തിൽ കൊടുക്കാനുള്ള പണം നൽകാൻ താമസിച്ചതിനെത്തുടർന്നാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.
പ്രതികൾക്കെതിരെ കായംകുളം പൊലീസ് സ്റ്റേഷനിൽ നിരവധി കേസുകൾ നിലവിലുണ്ട്. ഒന്നാം പ്രതി പ്രണവ് കഞ്ചാവ് വിൽപ്പന, അടിപിടി, വധശ്രമം മുതലായ കേസുകളിലെ പ്രതിയാണ്.
മാന്നാർ എസ്.എച്ച്.ഒ ജി.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സുനുമോൻ, സീനിയർ സി.പി.ഒ ബിന്ദു, സി.പി.ഒമാരായ സിദ്ദിഖ് ഉൾ അക്ബർ, സാജിദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.