s

രാജാകേശവദാസ് നീന്തൽക്കുളം നവീകരണം പൂർത്തിയായില്ല

ആലപ്പുഴ: ആലപ്പുഴയുടെ നീന്തൽ സ്വപ്നങ്ങൾക്ക് ചിറകേകുന്ന രാജാകേശവദാസ് നീന്തൽക്കുളം യാഥാർത്ഥ്യമാകാനുള്ള കാത്തിരിപ്പ് അനിശ്ചിതമായി നീളുന്നു. നാല് വർഷം മുമ്പ് ആരംഭിച്ച നിർമ്മാണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് അന്താരാഷ്ട്ര മത്സരങ്ങൾ ഉൾപ്പടെ സംഘടിപ്പിക്കാനുള്ള നിലവാരം നവീകരിച്ച നീന്തൽകുളത്തിനില്ലെന്ന് സംഘാടകർക്കുൾപ്പടെ ബോദ്ധ്യമായത്. പൂളിന്റെ ആഴം വർദ്ധിപ്പിക്കണെമെന്ന് അക്വാട്ടിക്ക് അസോസിയേഷൻ നി‌‌ർദേശം നൽകിയിരുന്നെങ്കിലും കൊവിഡ് പ്രതിസന്ധി വന്നതോടെ നടപടികൾ മുടങ്ങി.

നവീകരിച്ച പൂളിന്റെ ആഴം കൂട്ടുന്നത് സംബന്ധിച്ച് ഹൈ ലെവൽ ടെക്നിക്കൽ കമ്മിറ്റി ഈ മാസം 27ന് യോഗം ചേരും. ചീഫ് എൻജിനിയറും അക്വാട്ടിക് അസോസിയേഷൻ, സ്പോർട്സ് കൗൺസിൽ ഭാരവാഹികളും ഉൾപ്പെടെ പങ്കെടുക്കുന്ന യോഗത്തിലാണ് അന്തിമതീരുമാനം കൈക്കൊള്ളുക. പൂളിന് അടിഭാഗത്ത് ഇലക്ട്രിക്കൽ ലൈറ്റുകൾ സ്ഥാപിക്കുന്നതടക്കമുള്ളവ പൂർത്തിയായിരുന്നു. അതുകൊണ്ട് പൂൾ പൊളിക്കാതെ തന്നെ ആഴം കൂട്ടൽ സാധ്യമാകുമോ എന്നും വിദഗ്ദ്ധ സമിതി ആലോചിക്കും. കുളത്തിൽ നിന്ന് പുറന്തള്ളുന്ന വെള്ളത്തിന്റെ റൂട്ട് സംബന്ധിച്ചും, അടുത്ത ആഴ്ച നടക്കുന്ന കമ്മിറ്റിയിലേ തീരുമാനമാകൂ. പൂൾ പുതുക്കിയത് കൂടാതെ പുത്തൻ ഗ്യാലറിയും നിർമ്മിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ സ്പോർട്സ്- എൻജിനീയറിംഗ് വിംഗിന്റെ മേൽനോട്ടത്തിലാണ് ജോലികൾ നടന്നത്.

2017: നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്

₹1.55 ലക്ഷം : നിർമ്മാണ ചിലവ്

പണ്ടേ പോലെ ഇപ്പോഴും

കായികപ്രേമികളുടെയും സന്നദ്ധ സംഘടനകളുടെയും നിരന്തര ആവശ്യത്തെ തുടർന്നാണ് സ്പോർട്സ് കൗൺസിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 2017 ഫെബ്രുവരിയിൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഒച്ചിഴയും പോലെയാണ് നീങ്ങിയത്. ഒരു കോടി 55 ലക്ഷം രൂപയാണ് ചിലവ്. നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ ഉയർന്നു വന്ന തൊഴിലാളി പ്രശ്നങ്ങളും,പണം അനുവദിക്കുന്നതിലെ കാലതാമസവും, പുതുക്കിയ എസ്റ്റിമേറ്റു പ്രകാരം ഇടയ്ക്കുവെച്ച് പ്ളാനിൽ മാറ്റം വരുത്തേണ്ടിവന്നതും കാലതാമസത്തിനു കാരണമായി. പണി പൂർണമായ ശേഷം ആഴം കൂട്ടലെന്ന ആവശ്യം വന്നത് വീണ്ടും പ്രതിസന്ധിയായി.

ഉപയോഗങ്ങൾ

പരിശീലനം, മത്സരങ്ങൾ

നവീകരണം

 50 മീറ്റർ നീളത്തിൽ ഒന്നരലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള പൂൾ

 പുത്തൻ ഫ്ലോറിംഗും, ഇലക്ട്രിക് സംവിധാനങ്ങളും

 ഗ്യാലറി

രാജ്യാന്തര മത്സരങ്ങൾക്ക് യോജിക്കുന്ന വിധം പൂളിന്റെ ആഴം കൂട്ടണം. കൊവിഡ് കാരണമാണ് കാലതാമസം നേരിടുന്നത്. പൂൾ പൊളിക്കാതെ തന്നെ നവീകരണം സാദ്ധ്യമാകുമോയെന്ന് ആലോചിക്കും

- വി.ജി.വിഷ്ണു, വൈസ് പ്രസിഡന്റ്, സ്പോർട്സ് കൗൺസിൽ