മുതുകുളം: മുതുകുളം ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കെതിരെ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു.

പഞ്ചായത്തിലെ വികസനപ്രവർത്തനങ്ങൾ മുഴുവനും നിലച്ച സ്ഥിതിയാണെന്ന് ബി.ജെ.പി ആരോപിച്ചു. പ്രസിഡന്റും വൈസ് പ്രസിഡന്റും ഭരണത്തിന്റെ രണ്ട് ധ്രുവങ്ങളിൽ പരസ്പരം കലഹിച്ച് നിൽക്കുകയാണ്.

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം നടത്താൻ ഭരണ സമിതി മാസങ്ങൾക്ക് മുൻപ് അംഗീകാരം കൊടുത്ത 54-നടപ്പാതകളുടെ ദർഘാസ് നപടികൾ പോലും ഇതുവരെ തുടങ്ങിയിട്ടില്ല. ഫെബ്രുവരി മുതലുള്ള മിനിട്‌സ് തയ്യാറാക്കാൻ കഴിയാത്തതിനാൽ അന്നു മുതലുള്ള കമ്മിറ്റി തീരുമാനങ്ങളും നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുളളതെന്നും ബി.ജെ.പി പാർലമെന്ററി പാർട്ടി യോഗം ആരോപിച്ചു.

ജി.എസ്. ബൈജു അധ്യക്ഷനായി. ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ആമച്ചാലിൽ ഉണ്ണി, ജനറൽസെക്രട്ടറി കെ. ഹരികൃഷ്ണൻ, പഞ്ചായത്തംഗങ്ങളായ സബിത വിനോദ്, ശ്രീലത, മിഥുലേഷ് മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു.