ആലപ്പുഴ : തുടർച്ചയായുള്ള ദിവസങ്ങളിൽ നഗരത്തിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലായതിനാൽ പൊലീസ് പരിശോധന ഊർജ്ജിതമാക്കി. പൊലീസും നഗരസഭയും ബോധവത്കരണം നൽകിയിട്ടും എല്ലാ പരിധിയും ലംഘിച്ച് ജനം കൂട്ടത്തോടെ തെരുവിൽ ഇറങ്ങിയതോടെയാണ് ഇന്നലെ മുതൽ പൊലീസ് പരിശോധന കർശനമാക്കിയത്. സാമൂഹ്യ അകലം പാലിക്കാതെ പ്രവർത്തിക്കുന്ന കടഉടമകൾക്കും തെരുവിൽ കൂട്ടത്തോടെ നിൽക്കുന്നവർക്കും എതിരെ കർശന നടപടിയെടുക്കും. ജില്ലയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ ഇന്നലെയും റിപ്പോർട്ട് ചെയ്തത് ആലപ്പുഴ നഗരത്തിലാണ്. ജില്ലയിൽ ആകെ രോഗം സ്ഥിരീകരിച്ചവരിൽ 718പേരിൽ 106 പേർ ആലപ്പുഴ നഗരത്തിലാണ്. ഇന്നലെ വൈകിട്ട് ബീച്ചിന് സമീപം നടത്തിയ പരിശോധനയിൽ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയവർക്കും സംഘാടകർക്കും എത്തിരെ സൗത്ത് സി.ഐയുടെ നേതൃത്വത്തിൽ കേസ് എടുത്തു. രാത്രി എട്ട് മണിക്ക് ശേഷം തുറന്നു പ്രവർത്തിക്കുന്ന കടകൾക്കെതിരെ നടപടിയെടുക്കുമെന്ന് ആലപ്പുഴ സൗത്ത് സി.ഐ പറഞ്ഞു.