ആലപ്പുഴ: വ്യാജ അഭിഭാഷക സെസി സേവ്യറിന്റെ കോടതി ഇടപെടലുകൾ സംബന്ധിച്ച രേഖകൾക്കായി ആലപ്പുഴ നോർത്ത് പൊലീസ് ചീഫ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു. സെസി ഹാജരായ കമ്മിഷനുകളിൽ നിന്ന് രേഖാമൂലമുള്ള പകർപ്പുകൾക്കു വേണ്ടിയാണ് അപേക്ഷ നൽകിയത്. സെസിക്കെതിരെ മൊഴികൾ കൂടാതെ മറ്റ് തെളിവുകളൊന്നും ഇതുവരെ പൊലീസിനു ലഭിച്ചിട്ടില്ല. എൻറോൾമെന്റ് നമ്പരല്ലാതെ സെസിയുടേതായി യാതൊരു രേഖയും ബാർ അസോസിയേഷനിൽ ലഭ്യമല്ല. ഇന്നലെ ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പ്രതി എത്തിയിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ ശ്രദ്ധയിൽപ്പെട്ടില്ല. ഇവർ എത്തുമെന്ന് സൂചനകൾ ലഭിച്ചിരുന്നില്ലെന്ന് നോർത്ത് പൊലീസ് വ്യക്തമാക്കി.