ഹരിപ്പാട്: 'വയർ എരിയുന്നവന്റെ മിഴി നിറയരുത്' എന്ന ലക്ഷ്യത്തോടെ, ജില്ലയിലെ സൈനിക -അർദ്ധ സൈനിക കൂട്ടായ്‌മ സോൾജിയേഴ്സ് ഒഫ് ഈസ്റ്റ് വെനീസും അസോസിയേഷൻ ഓഫ് ചാരിറ്റബിൾ ആൻഡ് കൾച്ചറൽ ഓർഗനൈസേഷൻ ഓഫ് കേരളയും സംയുക്തമായി, ഹരിപ്പാട് ബസ് സ്റ്റാൻഡ്ന് സമീപം സ്ഥാപിച്ച ഭക്ഷണ അലമാരയുടെ നൂറുദിനങ്ങൾ പൂർത്തീകരിച്ചു. കൊവിഡ്‌ മഹാമാരിയിൽ പ്രതിസന്ധിയിലായ പലർക്കും ആശ്രയമാകുവാൻ ഭക്ഷണ അലമാരക്ക് കഴിഞ്ഞു. ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഉൾപ്പെടെ നൂറോളം പേർക്ക് ദിവസവും മൂന്നു നേരവും ആഹാരം നൽകുവാൻ കഴിഞ്ഞു. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരജവാൻ സന്തോഷ് കുമാറിന്റ അമ്മ കേക്ക് മുറിച്ചാണ് നൂറാംദിന ചടങ്ങുകൾ നടത്തിയത്. ജില്ലാ സാമൂഹിക നീതി വകുപ്പ് ഓഫീസർ എ.ഒ.അബിൻ ഉദ്ഘാടനം ചെയ്തു. അക്കോക്ക് മണ്ഡലം പ്രസിഡന്റ് രവീന്ദ്രൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സുന്ദരം പ്രഭാകരൻ, ബാബുലാൽ, പ്രണവം ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. എ. കെ. മധു നന്ദി പറഞ്ഞു.