ചേർത്തല:നഗരസഭയുടെ മെഗാവാക്‌സിനേഷൻ കേന്ദ്രത്തിൽ വാക്‌സിൻ വിതരണത്തെചൊല്ലി പ്രതിഷേധിച്ച കൗൺസിലർക്കെതിരെ നടപടി ആവശ്യപ്പെട്ട് നഗരസഭ പ്രമേയം. വാക്‌സിനേഷൻ കേന്ദ്രത്തിൽ അക്രമം കാട്ടുകയും ആരോഗ്യപ്രവർത്തകയെ പരിക്കേൽപ്പിക്കുകയും ചെയ്ത നഗരസഭാ കൗൺസിലർക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ടാണ് പ്രമേയം പാസാക്കിയത്.എന്നാൽ കൗൺസിലർക്കെതിരെ കള്ളക്കേസെടുത്തതായി ആരോപിച്ച് കോൺഗ്രസ് അംഗങ്ങൾ കൗൺസിൽ ബഹിഷ്‌കരിച്ചു.
ചൊവ്വാഴ്ച വൈകിട്ടാണ് ചേർത്തല ഗവ. ഗേൾസ് ഹൈസ്‌കൂളിൽ തർക്കമുണ്ടായത്.മുൻ കൗൺസിലർ കൂടിയായ ആരോഗ്യ പ്രവർത്തക നഗരസഭ ഒമ്പതാംവാർഡ് ഇരവിമംഗലത്ത് എസ്.സുനിമോൾ(46)ക്കാണ് പരിക്കേറ്റത്.സുനിമോളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നഗരസഭ 25ാംവാർഡ് കൗൺസിലർ എം.എ.സാജുവിനെതിരെ അക്രമത്തിനും സ്ത്രീകൾക്കെതിരായ അതിക്രമത്തിനുമാണ് ചേർത്തല പൊലീസ് കേസെടുത്തത്.
വാക്‌സിനേഷൻ സംബന്ധിച്ച് തർക്കമോ പരാതികളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ അറിയിക്കാതെ വാക്‌സിനേഷൻ കേന്ദ്രത്തിൽ ബഹളമുണ്ടാക്കുകയും സ്ത്രീകൾക്കുനേരെ അക്രമം നടത്തുകയും ചെയ്തത് അപലപനീയമാണെന്നും കൗൺസിലിൽ ഭരണപക്ഷ കൗൺസിലർമാർ ആരോപിച്ചു. ബി.ജെ.പി അംഗങ്ങൾ കൗൺസിൽയോഗത്തിൽ പങ്കെടുത്തെങ്കിലും പ്രമേയത്തിൽ അഭിപ്രായം ഒന്നും രേഖപ്പെടുത്തിയില്ല.