s

കാർഷികരംഗത്ത് കുടുംബശ്രീയുടെ മുന്നേറ്റം

ആലപ്പുഴ : പ്രളയത്തിലും ലോക്ക് ഡൗണിലും തളരാതെ കാർഷികരംഗത്ത് കുടുംബശ്രീയുടെ മുന്നേറ്റം. ഓരോ വർഷവും ഈ രംഗത്തേക്ക് എത്തുന്ന സ്ത്രീകളുടെ എണ്ണം കൂടിവരികയാണ്.

സർക്കാർ നൽകുന്ന പ്രത്സാഹനമാണ് ഇതിന് കാരണം. കുടുംബശ്രീ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പിൽ നിലവിൽ നിരവധി വനിതകൾ പങ്കാളികളാണ്. 20 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്കായി ഒരു മാസ്റ്റർ ഫാർമർ എന്ന തോതിലാണ് കൃഷിക്കാവശ്യമായ ഉപദേശം നൽകാൻ കുടുംബശ്രീ വിദഗ്ദ്ധരെ നിയമിച്ചിട്ടുള്ളത്.

ഇവർക്ക് പുറമേ 12 ബ്ലോക്ക് കോ-ഓർഡിനേറ്റർമാരും ഉണ്ടാകും. ജില്ലയിലെ 79 സി.ഡി.സികളിലായാണ് (കമ്യൂണിറ്റി ഡെവലപ്‌മെന്റ് സെന്റർ) പരിശീലനം. ലോക്ക് ഡൗൺ സമയത്ത് വാർഡ് തലത്തിൽ ഓൺലൈനായാണ് പരിശീലനം നൽകിയിരുന്നത്. മാവേലിക്കര ബ്ലോക്കിലെ മാന്നാർ പഞ്ചായത്തിന് കീഴിൽ മുല്ലപ്പൂ കൃഷിയും നടത്തുന്നുണ്ട്.

5000ത്തിലേറെ ജെ.എൽ.ജി ഗ്രൂപ്പുകളാണ് ആര്യാട് ബ്ലോക്കിലുള്ളത്. ഇവിടെ പാട്ടത്തിനെടുത്ത ഭൂമിയിൽ മഞ്ഞളും ഇഞ്ചിയും വഴുതനയും കാച്ചിലും തക്കാളിയും ചേനയും ഇഞ്ചിയും പച്ചമുളകുമടക്കം ഒട്ടേറെ കൃഷികളാണ് ചെയ്യുന്നത്.

ഓരോ വർഷത്തിലും ജോയിന്റ് ലയബിലിറ്റി

ഗ്രൂപ്പിൽ ചേർന്ന അംഗങ്ങളും കൃഷിചെയ്ത ഭൂമിയും

2021

അംഗങ്ങൾ.............28,445 പേർ

കൃഷി................. 1147 ഹെക്ടർ

2020

അംഗങ്ങൾ......... 5689 പേർ

കൃഷി...............1147 ഹെക്ടർ

2019

അംഗങ്ങൾ..............5420

കൃഷി..............1027 ഹെക്ടർ

2018

അംഗങ്ങൾ............. 4399 .

കൃഷി................986 ഹെക്ടർ

2017

അംഗങ്ങൾ............3840

കൃഷി.............211 ഹെക്ടർ

കൃഷി(നിലവിൽ)

നെൽകൃഷി...............................296 ഹെക്ടർ

പച്ചക്കറി....................................227 ഹെക്ടർ

കിഴങ്ങ് വർഗങ്ങൾ .................266 ഹെക്ടർ

സംഘകൃഷിയിലൂടെ വരുമാനം

നൂതനമായ പദ്ധതികൾ ആവിഷ്‌കരിച്ച് സംഘകൃഷിയിലൂടെ വനിതകൾക്ക് സ്ഥിരവരുമാനം ലഭ്യമാക്കുന്നതോടൊപ്പം കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവ് നൽകുകയുമാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. സാമൂഹിക വികസനരംഗത്ത് സംഘകൃഷിയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ, ബഡ്‌സ് സ്ഥാപനങ്ങളിൽ മാനസിക ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി 'സഞ്ജീവനി' അഗ്രി തെറാപ്പി പദ്ധതി ആരംഭിച്ചു.

''ജില്ലയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ കാർഷികരംഗത്ത് മികച്ച മുന്നേറ്റമാണ് നടത്തുന്നത്. കാലവർഷത്തിൽ പല സ്ഥലങ്ങളിലും കൃഷിനാശം സംഭവിച്ചെങ്കിലും അതിനെ തരണം ചെയ്താണ് മുന്നോട്ട് പോകുന്നത്. നെൽ,പച്ചക്കറി.കിഴങ്ങ് വർഗങ്ങളാണ് പ്രധാന കൃഷി.

(കുടുംബശ്രീ അധികൃതർ)