ems
ഇ.എം.എസ് സ്റ്റേഡിയത്തിന്റെ പടവുകളിൽ നിറഞ്ഞ് കിടക്കുന്ന മാലിന്യങ്ങൾ

ആലപ്പുഴ : കായികതാരങ്ങൾക്ക് പ്രയോജനപ്പെട്ടില്ലെങ്കിലും തെരുവ് നായകൾക്ക് താവളമാവുകയാണ് നഗരത്തിലെ ഇ.എം.എസ് സ്റ്റേഡിയം! ഒത്തി​രി​ പ്രതീക്ഷകളോടെ നി​ർമ്മി​ച്ച, രാജ്യാന്തര നി​ലവാരത്തി​ലേക്ക് ഉയരുമെന്ന് പ്രതീക്ഷി​ച്ച സ്റ്റേഡി​യത്തോടനുബന്ധിച്ചുള്ള കെട്ടിട സമുച്ചയത്തിലെ പടവുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും കുന്നുകൂടി കിടക്കുകയാണ്. ഭക്ഷണ അവശിഷ്ടങ്ങൾ തേടിയാണ് തെരുവ് നായ്ക്കളെത്തുന്നത്.

രണ്ടാം നിലയിലേക്ക് കയറുന്ന പ്രവേശന കവാടം ചപ്പ് ചവറുകൾ കൊണ്ട് മൂടി ദുർഗന്ധം വമിക്കുന്ന നിലയിലാണ്. സ്വകാര്യ ചികിത്സാ കേന്ദ്രം, ഭക്ഷണശാല എന്നി​വ ഉൾപ്പെടെ നിരവധി വ്യാപാര സ്ഥാപനങ്ങളും കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആളുകൾ വലിച്ചെറിയുന്ന മാലിന്യങ്ങൾ കൂടാതെ ക്ലീൻ കേരള കമ്പനിക്ക് സംസ്ക്കരണത്തിന് വേണ്ടി കൈമാറേണ്ട പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ചാക്കുകളിലാക്കി സൂക്ഷിക്കുന്നതും ഇവിടെയാണ്. വ്യാപാര സ്ഥാപനങ്ങളല്ലാതെ കായിക രംഗവുമായി ബന്ധപ്പെട്ട ഒന്നും തന്നെ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്നില്ല. നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിന്റെ നിർമാണം 2012ൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 2006ൽ ആരംഭിച്ച നിർമാണം ആദ്യ ഘട്ടം പൂർത്തിയാക്കിയതോടെ 2010ൽ അന്നത്തെ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനാണ് ഉദ്ഘാടനം നിർവഹിച്ചത്. വിജിലൻസ് അന്വേഷണത്തിൽ കുടുങ്ങി തുടർ നിർമാണ പ്രവർത്തനങ്ങൾ അവതാളത്തിലായി. 400 മീറ്റർ സിന്തറ്റിക് ട്രാക്ക്, പവിലിയൻ, ബാത്ത് റൂം, ഓഫീസ്, കോൺഫറൻസ് ഹാൾ എന്നിവയാണ് ഇനി പൂർത്തീകരിക്കാനുള്ളത്.

ഇ.എം.എസ് സ്റ്റേഡിയം

 പരിപാലനച്ചുമതല നഗരസഭയ്ക്ക്

 കടമുറികളുടെ വാടക വാങ്ങുന്നത് നഗരസഭ

പ്രയോജനപ്പെടാതെ പോകുന്നത്

 ആധുനിക ഫുട്‌ബാൾ മൈതാനം

 ട്രിപ്പിൾ, ലോംഗ്ജമ്പ് പിറ്റുകൾ

 കായിക താരങ്ങൾക്ക് താമസിക്കാനുള്ള സൗകര്യം

നഗരസഭയ്ക്കാണ് സ്റ്റേഡിയത്തിന്റെ പരിപാലന ചുമതല. എത്രയും വേഗം മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും, ആളുകൾ ഇവിടെ മാലിന്യം നിക്ഷേപിക്കാതിരിക്കാനുമുള്ള നടപടികൾ സ്വീകരിക്കും

- പി.എസ്.എം ഹുസൈൻ,

വൈസ് ചെയർമാൻ, ആലപ്പുഴ നഗരസഭ