ജനറൽ ആശുപത്രിയിലെ നവീകരിച്ച ഒ.പി.ബ്ലോക്ക്, നവീകരിച്ച
രണ്ട് കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച ആർദ്രം പദ്ധതിയിലൂടെ സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യ മേഖല സമഗ്ര പുരോഗതിയിലേക്ക് എത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിർമ്മാണം പൂർത്തീകരിച്ചതും നിർമ്മാണത്തിന് തുടക്കം കുറിക്കുന്നതുമായ 50 പദ്ധതികളുടെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിൽ 1.76 കോടി രൂപ വിയോഗിച്ചുള്ള പദ്ധതികളായ ആലപ്പുഴ ജനറൽ ആശുപത്രിയിലെ നവീകരിച്ച ഒ.പി. ബ്ലോക്ക്, രജിസ്ട്രേഷൻ കൗണ്ടർ, കാത്തിരിപ്പ് കേന്ദ്രം, ശൗചാലയങ്ങൾ എന്നിവയും നവീകരിച്ച കടമ്പൂർ, പാണാവള്ളി കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവുമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.
ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങ് അഡ്വ.എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. എച്ച്. സലാം എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ., ആലപ്പുഴ നഗരസഭാദ്ധ്യക്ഷ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, ഡി.എം.ഒ. ഡോ.എൽ.അനിതാകുമാരി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബീന രമേശ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ബിന്ദു തോമസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷാനവാസ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആർ.വിനീത, അഡ്വ.റീഗോ രാജു, വാർഡ് കൗൺസിലർ പി.എഫ്. ഫൈസൽ, ആശുപത്രി സൂപ്രണ്ട് ഡോ. ജമുനാ വർഗീസ് എന്നിവർ പങ്കെടുത്തു.
ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 2019 ജനുവരിയിൽ എൻ.എച്ച്.എം.പി.ഐ.പി.യിൽ അനുവദിച്ച 15.50 ലക്ഷവും ആർദ്രം പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് അനുവദിച്ച 8.46 ലക്ഷവും ഉൾപ്പെടെ 23.96 ലക്ഷം രൂപ ചെലവഴിച്ചാണു പാണാവള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഒ.പി. ബ്ലോക്ക്, ഫാർമസി, ലാബ്, ഇമ്യൂണൈസേഷൻ മുറി, ഓഫീസ്, ഒബ്സെർവേഷൻ, നഴ്സസ് മുറികൾ, പുതിയ കാത്തിരിപ്പു സ്ഥലം തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പാണാവള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ദലീമ ജോജോ എം.എൽ.എ., തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം രജിത , പാണാവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ സന്തോഷ്, വൈസ് പ്രസിഡന്റ് എസ്. ജയകുമാർ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്. രാജിമോൾ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഹരീഷ്മ വിനോദ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി. ധനേഷ് കുമാർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രദീപ് കുമാർ, മെഡിക്കൽ ഓഫീസർ ഡോ. അരുൺ മിത്ര തുടങ്ങിയവർ പങ്കെടുത്തു