അമ്പലപ്പുഴ : കരിമണൽ ഖനന വിരുദ്ധ സമരക്കാർക്കെതിരെ തോട്ടപ്പള്ളിയിൽ നടന്ന പൊലീസ് ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് ധീവരസഭ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ധീവരസഭ തലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ വെളിയിൽകാവ് ധീവരസഭ കരയോഗത്തിന് സമീപത്തുനിന്നും ആരംഭിച്ച മാർച്ചിൽ സ്ത്രീകളടക്കം 50 ഓളം പേർ പങ്കെടുത്തു. മാർച്ച് അമ്പലപ്പുഴ പൊലീസ് സ്റ്റേഷനുസമീപം സി.ഐ ദ്വിജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞു. തുടർന്ന് നടന്ന സമ്മേളനം ധീവരസഭ ജില്ലാ സെക്രട്ടറി എൻ. ബി .ഷാജി ഉദ്ഘാടനം ചെയ്തു. ലാത്തിച്ചാർജ്ജ് നടത്തിയ പൊലീസുകാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എൻ .ബി .ഷാജി പറഞ്ഞു.ധീവരസഭ താലൂക്ക് പ്രസിഡന്റ് കെ .പ്രദീപ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി സജിമോൻ,ട്രഷറർ അഖിലാനന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി.