ആലപ്പുഴ: പൂജാവിധികൾ പഠിച്ചവരെ ജാതിവിവേചനമില്ലാതെ ശബരിമലയിൽ മേൽശാന്തിമാരായി നിയമിക്കണമെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷനും എൻ.ഡി.എ കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. ശബരിമലയിലെ മേൽശാന്തി നിയമനത്തിന് മലയാള ബ്രാഹ്മണരെ ക്ഷണിച്ചുള്ള ഉത്തരവ് ദേവസ്വം ബോർഡ് തിരുത്തിയില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കും. ദേവസ്വം ജാതിവിവേചനം നടത്തുന്നത് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 15(1), 16 (2) എന്നിവയ്‌ക്ക് വിരുദ്ധമാണെന്ന് കേരള ഹൈക്കോടതിയും സുപ്രീം കോടതിയും എൻ.ആദിത്യൻ കേസിൽ വിധിച്ചിട്ടുള്ളതാണ്. വിധി പാലിക്കാൻ എല്ലാ ദേവസ്വങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്ന് സർക്കാർ സർക്കുലർ ഇറക്കിയിട്ടുണ്ട്. ജാതി വിവേചനം ഇല്ലാതാക്കി സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും തുഷാർ പറഞ്ഞു.