ആലപ്പുഴ: ഡോക്ടർമാർക്കും ജീവനക്കാർക്കും കൂട്ടത്തോടെ കൊവിഡ് ബാധിച്ചതിനെത്തുടർന്ന് ചെട്ടികാട് റൂറൽ ഹെൽത്ത് ട്രെയിനിംഗ് സെന്റർ ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റി. ഡോക്ടർമാർ, നഴ്സിംഗ് അസിസ്റ്റന്റ്, ഇ.സി.ജി ടെക്നീഷ്യൻ, ഡ്രൈവർ ഉൾപ്പടെ ഒൻപത്ളം പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലായത്. ഇതോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിടപ്പ് രോഗികളെ വീട്ടിലേയ്ക്ക് അയച്ചു. ഇന്നലെ ആശുപത്രി അടച്ചിട്ടു. അണുനശീകരണം നടത്തുന്നതിനാണ് അടച്ചിട്ടതെന്നും ഇന്നുമുതൽ പ്രവർത്തിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സൂപ്രണ്ട് ഉൾപ്പടെയുള്ളവർ ആഴ്ചകൾക്ക് മുമ്പ് തന്നെ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിൽ ചികിത്സയ്ക്കും കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിനു എത്തിയവരും ഇപ്പോൾ ആശങ്കയിലാണ്. ആര്യാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിയിൽ തീരദേശത്ത് നിന്നും മത്സ്യത്തൊഴിലാളികൾ ഉൾപ്പടെ നൂറുകണക്കിന് രോഗികളാണ് ചികിത്സയ്ക്കായി എത്തുന്നത്. കൊവിഡ് വാക്സിൻ വിതരണം കൂടിയായപ്പോൾ വൻതിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്താൻ അധികൃതർ ശ്രദ്ധിച്ചില്ലെന്ന് കോസ്റ്റൽ ഡവലപ്പ്മെന്റ് കമ്മറ്റി പ്രസിഡന്റ് വി.സി.ഉറുമീസ് ആരോപിച്ചു.