ആലപ്പുഴ: എസ്.എൻ.ഡി.പി യോഗത്തിന്റെ നിർദ്ദേശം അനുസരിച്ച്, സ്ത്രീധനത്തിനും ഗാർഹിക പീഡനത്തിനും എതിരെ 'സുമംഗലീസന്ധ്യ' ബോധവത്കരണം അമ്പലപ്പുഴ യൂണിയനിൽ ഇന്ന് നടക്കും. വൈകിട്ട് 6ന് കിടങ്ങാംപറമ്പിലെ യൂണിയൻ അങ്കണത്തിൽ എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും.

തുടർന്ന് 6.30 മുതൽ 7 വരെ യൂണിയനിലെ വിവിധ ശാഖകളിലായി 300 കേന്ദ്രങ്ങളിൽ സ്ത്രീധനവിരുദ്ധ ബോധവത്കരണവും നിലവിളക്കുകൾ തെളിച്ച് സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്യും. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി മുഖ്യപ്രഭാഷണം നടത്തും. ഷാനിമോൾ ഉസ്മാൻ സ്ത്രീധന വിരുദ്ധ സന്ദേശം നൽകും. ആലപ്പുഴ മുനിസിപ്പൽ ചെയർപേഴ്സൺ സൗമ്യാരാജ് സ്ത്രീധനവിരുദ്ധ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ്, വനിതാസംഘം താലൂക്ക് സെക്രട്ടറി ഇൻചാർജ് ശോഭന അശോക് കുമാർ തുടങ്ങിയവർ പങ്കെടുക്കും. ലളിത വിവാഹവും ആർഭാടരഹിതമായ ചടങ്ങുകളാണ് വേണ്ടതെന്ന ഗുരുവചനം ഉൾക്കൊണ്ട് സ്ത്രീധനമെന്ന വിപത്തിനെതിരെ തുടർ പ്രവർത്തനങ്ങളും ബോധവത്കരണവും യൂണിയൻ നടത്തുമെന്ന് സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ അറിയിച്ചു.