ആലപ്പുഴ: തീക്കട്ടയിൽ ഉറുമ്പരിക്കുന്നുവെന്ന് പറഞ്ഞപോലെയാണ് ചെട്ടികാട് ആശുപത്രിയുടെ അവസ്ഥ.
കൊവിഡ് വ്യാപനത്തെത്തുടർന്ന് ചെട്ടികാട് റൂറൽ ഹെൽത്ത് ട്രെയിനിംഗ് സെന്റർ അടച്ചുപൂട്ടേണ്ടി വന്നു. ജീവനക്കാർക്ക് കൊവിഡ് ബാധിച്ച സമയത്ത് മറ്റ് സ്റ്റാഫുകൾക്ക് ടെസ്റ്റ് നടത്താതിരുന്നത് രോഗ വ്യാപനത്തിന് കാരണമായെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്.
മാനദണ്ഡങ്ങൾ പാലിക്കാതെയാണ് രോഗികളെയും കൂട്ടിരിപ്പുകാരെയും സന്ദർശകരെയും കാഷ്വാലിറ്റിയിലേക്കും വാർഡിലേക്കും കയറ്റി വിട്ടിരുന്നതെന്ന് പരാതിയുണ്ട്. ആശുപത്രി വൃത്തിയാക്കുന്നതിന് മൂന്ന് ഷിഫ്റ്റിലായി ജീവനക്കാർ എത്തുന്നുണ്ടെങ്കിലും, പകർച്ച വ്യാധികൾ വ്യാപകമായ സാഹചര്യത്തിൽ പോലും കൃത്യമായ ക്ലീനിംഗ് ഇവിടെ നടക്കാറില്ലെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. മെയിൽ വാർഡിൽ അതത് ദിവസം രാവിലെ മാത്രമാണ് വൃത്തിയാക്കാൻ ആളെത്താറുള്ളത്. കാഷ്വാലിറ്റിയിൽ ഒരു ബെഡിൽ നിന്ന് രോഗിയെ ഷിഫ്റ്റ് ചെയ്തു കഴിഞ്ഞാൽ ആ നിമിഷം തന്നെ ബെഡ് അണുവിമുക്തമാക്കണമെന്ന ചട്ടവും പാലിക്കപ്പെട്ടിരുന്നില്ല. ഇടുങ്ങിയ ഡ്രെസിംഗ് റൂമും നഴ്സിംഗ് സ്റ്റേഷനും നിന്നു തിരിയാൻ ഇടമില്ലാത്ത അവസ്ഥയും രോഗ വ്യാപനത്തിന് കാരണമായോ എന്ന് ജീവനക്കാർക്കിടയിൽ സംശയമുണ്ട്. പരിമിതമായ സ്ഥല പരിമിതിക്കുള്ളിലാണ് വാക്സിനേഷൻ ക്യാമ്പ് നടത്തിയിരുന്നതെന്നും പറയുന്നു.
ചെട്ടികാട് ആർ.എച്ച്. ടി. സിയിലേക്ക് കൊവിഡ് രോഗിയെ കൊണ്ടുപോകുന്നതിന് അനുവദിച്ചിട്ടുള്ള ആംബുലൻസ് എട്ടു കിലോമീറ്റർ അകലെയുള്ള വളവനാട് സി. എഫ്. എൽ. ടി. സിയിലേക്ക് മാറ്റിയിരിക്കുകയാണ്. അതിനാൽ കൊവിഡ് പോസിറ്റിവ് രോഗികൾക്ക് വേണ്ടി ആശുപത്രി ആംബുലൻസ് തന്നെ ഉപയോഗിക്കേണ്ടി വന്നത് രോഗ വ്യാപനത്തിന് കാരണമായിട്ടുണ്ടാകാമെന്ന ആക്ഷേപമുണ്ട്.
....................
ഒരു മിനിട്ടിൽ ഓടിയെത്താവുന്ന തരത്തിൽ കൊവിഡ് ആംബുലൻസിന് സ്ഥലസൗകര്യം ആശുപത്രിയോട് ചേർന്നു തന്നെയുണ്ട്. അത് ഉപയോഗപ്പെടുത്താതെ ആംബുലൻസ് കിലോമീറ്ററുകൾ അകലെ പാർക്ക് ചെയ്തിരിക്കുകയാണ്. ഇത് രോഗികളുടെ ജീവൻ രക്ഷിക്കുന്നതിനു പകരം അപകടപെടുത്താനേ ഉപകരിക്കൂ. അഡ്മിനിസ്ട്രേഷനിലെ പാളിച്ചകൾ മൂലമാണ് താത്കാലികമായി ആശുപത്രി അടച്ചിടേണ്ടി വന്നത്.
രോഗികളുടെ കൂട്ടിരിപ്പുകാർ