ആയാപറമ്പ് പാണ്ടിയിലെ ഡ്രഡ്ജിംഗ് നിറുത്തിവച്ചു
ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേ കനാലിലേക്കുള്ള നീരൊഴുക്ക് ശക്തമാക്കാൻ അച്ചൻകോവിൽ ആറ്റിൽ വീയപുരം ആയാപറമ്പ് പാണ്ടിയിൽ ആരംഭിച്ച ഡ്രഡ്ജിംഗ് പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് നിറുത്തിവച്ചു. ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ ജനപ്രതിനിധികളുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ആറിന്റെ തീരം ഇടിയുമെന്നും വീടുകൾക്കും പാണ്ടിപ്പാലത്തിനും ബലക്ഷയം ഉണ്ടാകുമെന്നുമുള്ള ആശങ്കയാണ് പ്രതിഷേധത്തിന് കാരണം.
നിലവിൽ ഡ്രഡ്ജ് ചെയ്തു കൂട്ടിയിട്ട മണൽ, പാസിന്റെ കാലാവധി തീരുംമുമ്പേ കൊണ്ടുപോകാൻ അനുവദിക്കണമെന്ന ഉദ്യോഗസ്ഥരുടെ നിർദേശം സമരക്കാർ ആദ്യം എതിർത്തെങ്കിലും പിന്നീട് അനുവദിച്ചു. ഒരുവർഷം മുമ്പ് ഡ്രഡ്ജിംഗ് ആരംഭിച്ചെങ്കിലും ഈ ഭാഗത്ത് സിലിക്ക മണലാണെന്ന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് കണ്ടെത്തിയതിനെ തുടർന്ന് ആറുമാസം മുമ്പ് നിറുത്തി. അസി.എക്സിക്യൂട്ടീവ് എൻജിനീയർ ആശാബീഗം, അസി.എൻജിനീയർ കെ.വി.ബിപിൻ എന്നിവരാണ് വീയപുരം പഞ്ചായത്തിലെ ജനപ്രതിനിധികളുമായി ചർച്ചനടത്തിയത്. ഇപ്പോഴത്തെ സാഹചര്യത്തിൽ മണലെടുപ്പ് തുടരാനാവില്ലെന്ന് ജനപ്രതിനിധികൾ പറഞ്ഞു.
പ്രളയത്തിൽ അച്ചൻകോവിൽ, പമ്പ ആറുകളിലും ലീഡിംഗ് ചാനലിലും അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കം ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ ആയപറമ്പ് പാണ്ടിയിലും തോട്ടപ്പള്ളി സ്പിൽവേ പാലത്തിനടുത്തും മാത്രമാണ് ഡ്രഡ്ജിംഗ് തുടങ്ങിയത്. കൂടുതൽ ഡ്രഡ്ജർ ഉപയോഗിച്ച് ആറുമാസത്തിനുള്ളിൽ ആഴം വർദ്ധിപ്പിക്കാനായിരുന്നു തീരുമാനം. ലീഡിംഗ് ചാനലിൽ വീയപുരത്ത് 1.17 ലക്ഷം ക്യുബിക്മീറ്റർ മണലിൽ 25,000 ക്യുബിക് മീറ്ററാണ് നീക്കം ചെയ്തത്. ഇപ്പോഴത്തെ അവസ്ഥതയിൽ കുറഞ്ഞത് രണ്ട് വർഷമെങ്കിലും വേണ്ടിവരും, 11 കിലോമീറ്റർ നീളത്തിൽ ലീഡിംഗ് ചാനലിലെ ആഴം കൂട്ടാൻ.
പദ്ധതികൾ രണ്ട്
ഇത്തവണ കാലവർഷം കനത്താൽ കിഴക്കൻ മേഖല വീണ്ടും വെള്ളപ്പൊക്ക ദുരിതത്തിലാവും. എതിർപ്പിനെ തുടർന്ന് രണ്ട് പദ്ധതികളാണ് പാതിവഴിയിൽ മുടന്തുന്നത്. പാലത്തിന് കിഴക്ക് ഭാഗത്തെ മണലും ചെളിയും നീക്കം ചെയ്യുന്നതിന് സ്വകാര്യ വ്യക്തിക്കും ധാതുമണലുള്ള പൊഴിമുഖത്തെ ആഴംവർദ്ധിപ്പിക്കാൻ ചവറ കെ.എം.എം.എല്ലിനുമാണ് കരാർ നൽകിയത്.
.................................
മണൽ കണക്ക്
ലീഡിംഗ് ചാനലിൽ 3.12 ലക്ഷം മീറ്റർ ക്യൂബ്
നീക്കം ചെയ്തത് 80,000 മീറ്റർ ക്യൂബ്
......................................
ലഭിച്ച മണൽ വില
11. 29 കോടി- വീയപുരം വരെയുള്ള ഭാഗത്തെ ഒരു എംക്യൂബ് മണലിന് 362 രൂപ നിരക്കിൽ