അമ്പലപ്പുഴ: മനോനില തെറ്റി തെരുവിൽ അലഞ്ഞുനടന്ന അറുപതോളം പേർക്ക് കൊവിഡ് കാലത്തും പുന്നപ്ര ശാന്തിഭവൻ അഭയകേന്ദ്രമായി. ആലപ്പുഴ നഗരത്തിലും, ദേശീയപാതയോരത്തും കുടിവെള്ളം പോലും ലഭിക്കാതെ അലഞ്ഞു തിരിഞ്ഞവരാണ് ഭൂരിഭാഗവും. കൊവിഡ് ഭീതി മൂലം പലരും ആട്ടിയോടിച്ച ഹേമന്ദ്, ദുബുരാജ്, കാളത്തിയാർ, ജോസഫ് ലാൽ, സിബി വർഗീസ്, ശബരിദാസ്, ജാക്സൺ, സെയ്ഫ് ,അജിത്, ഫൽഗുനൻ തുടങ്ങി വിവിധ നാടുകളിൽ നിന്ന് കേരളത്തിലെത്തിയവരാണ് ഇന്ന് ഒറ്റ കുടക്കീഴിൽ കഴിയുന്നത്. ഈ മാസം 15ന് ശേഷം മാത്രം പത്ത് പേരാണ് ശാന്തിഭവനിലെത്തിയത്. ഭക്ഷണശാലകൾ പ്രവർത്തിക്കാതിരുന്ന സമയം കുപ്പത്തൊട്ടികളിൽ ഭക്ഷ്യാവശിഷ്ടങ്ങൾ തെരയുന്നവരുടെ ദയനീയാവസ്ഥ കണ്ട് പൊതു പ്രവർത്തകർ അറിയിച്ചതിനെ തുടർന്നാണ് മാത്യു ആൽബിൻ ഇവരെ കണ്ടെത്തി ശാന്തി ഭവനിൽ എത്തിച്ചത്. അന്തേവാസികളെ കൊണ്ട് കിടക്കകൾ നിറഞ്ഞ നിലയിലാണിവിടം. രോഗം മാറിയ ചിലരെ ബന്ധുക്കൾ കൂട്ടിക്കൊണ്ടു പോയി. 180 ഓളം അന്തേവാസികളാണ് നിലവിലുള്ളത്. ഇവരുടെ നിത്യച്ചെലവിനു മാത്രം ദിവസം പതിനായിരത്തിലധികം രൂപ കണ്ടെത്തണം. കൊവിഡ് കാലത്ത് മനസിൽ നന്മയുടെ ഉറവ വറ്റാത്ത സുമനസുകളുടെ സഹായം മാത്രമാണ് ശാന്തിഭവന്റെ പ്രതീക്ഷയെന്ന് മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ പറയുന്നു.