ആലപ്പുഴ: വാക്സിൻ വിതരണത്തിലെ തർക്കത്തെ തുടർന്ന് കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. ശരത് ചന്ദ്രബോസിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ പ്രതിഷേധ ദിനം ആചരിച്ചു. കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ ആഹ്വാനം അനുസരിച്ച് ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ജില്ലയിലെ മുഴുവൻ ആശുപത്രികളിലും ഡോക്ടർമാർ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിക്ക് ഹാജരായത്. എന്നാൽ രോഗികളെ പരിശോധിക്കുകയും ആവശ്യമായ ചികിത്സ നൽകുകയും ചെയ്തു. സംഭവത്തിൽ പ്രതികളെ ഉടൻ അറസ്റ്റു ചെയ്യണമെന്ന് ഐ.എം.എ ജില്ലാ കോഓർഡിനേറ്റർ ഡോ. എ.പി.മുഹമ്മദ് ആവശ്യപ്പെട്ടു.