cj
കലക്ടർ എ.അലക്സാണ്ടറിൽ നിന്നും പ്രിൻസിപ്പാൾ ഹേമലത പുരസ്ക്കാരം ഏറ്റുവാങ്ങുന്നു

ഹരിപ്പാട്: പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനത്തിന്റെയും നല്ലപാഠങ്ങൾ സമൂഹത്തിന് പകർന്നു നൽകുകയാണ് പള്ളിപ്പാട് എസ് .എൻ.ട്രസ്റ്റ് ഹയർ സെക്കൻഡറി സ്ക്കൂളിലെ വിദ്യാർത്ഥികൾ. ലോക്ക് ഡൗൺ കാലത്ത് സീറോ കാർബൺ പദ്ധതിയുടെ ഭാഗമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ വീടുകൾ തോറും ശേഖരിച്ചും പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ പ്രചരിപ്പിച്ചുമാണ് ഇവർ ശ്രദ്ധേയരായത്.

428 കുട്ടികളാണ് പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചത്. ഇതിന്റെ ഭാഗമായി നടന്ന വീഡിയോ പ്രദർശനത്തിലും വിദ്യാർത്ഥികൾ സമ്മാനാർഹരായി. കലക്ടർ എ.അലക്സാണ്ടറിൽ നിന്നും പ്രിൻസിപ്പൽ ഹേമലത പുരസ്ക്കാരം ഏറ്റുവാങ്ങി. വിദ്യാർത്ഥികളായ അനൂപ് മാത്യൂ, വരുൺ കൃഷ്ണൻ, ആദിത്യ വിജയ്, അഞ്ജിത.എസ്, വേണി നായർ, ജിൻസ ജോണി, വർഷ.എസ്.ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ നടന്നത്. സ്ക്കൂളിലെ സൗഹൃദ കരിയർ ഗൈഡൻസ് കോ ഓഡിനേറ്റർമാരായ സോജ.എസ്, ടെസ്സിമോൾ എന്നിവർ വേണ്ട നി​ർദ്ദേശങ്ങൾ നൽകി​. സ്ക്കൂൾ മാനേജ്മെൻ്റ്, പി.ടി.എ തുടങ്ങിയവയുടെ പൂർണ പിന്തുണയോടു കൂടി നിരവധി പ്രവർത്തനങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്. മലീനീകരണ നിയന്ത്രണ ബോർഡ് എൻജിനി​യർ പി .ബിജു, സെൽ സംസ്ഥാന കോഓഡിനേറ്റർ അസീം, സൗഹൃദ ജില്ലാ കൺവീനർമാരായ മിനി ജോസഫ്, വരദ കുമാരി, നിഷ ആൻ ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.