മുതുകുളം: ഹാൾമാർക്ക് ചെയ്തുനൽകാമെന്ന് പറഞ്ഞു സ്വർണം തട്ടിയെടുത്ത കേസിൽ മുതുകുളം ആയില്യത്ത് ജ്യുവലറിയിൽ പൊലീസ് പരിശോധന നടത്തി. കടയിലെ ജീവനക്കാരനിൽ നിന്ന് താക്കോൽ കൈപ്പറ്റിയാണ് മുതുകുളം വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തിൽ പരിശോധന നടന്നത്. ഉപയോഗപ്രദമല്ലാത്ത 3.9ഗ്രാം സ്വർണം, 620ഗ്രാം വെള്ളി ആഭരണങ്ങൾ, സ്വർണനിറം പൂശിയ അലങ്കാര ആഭരണങ്ങൾ എന്നിവ സ്ഥാപനത്തിൽ നിന്ന് കണ്ടെടുത്തു. കായംകുളംഡി​ വൈ. എസ്.പി​ അലക്സ് ബേബിയുടെ നിർദേശാനുസരണം കനകക്കുന്ന് സി​. ഐ ഡി. ബിജുകുമാർ,എസ്. ഐ എച്ച്. നാസറുദീൻ, എ. എസ്. ഐ ജയചന്ദ്രൻ, സീനിയർ സി. പി. ഒ മാരായ ശ്യാം, സബീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കഴിഞ്ഞ ദിവസം വൈകിട്ട് കടയുടമ ഉണ്ണികൃഷ്ണൻ കനകക്കുന്ന് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. അടുത്ത ദിവസം ഉണ്ണികൃഷ്ണനെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.