പൂച്ചാക്കൽ: അരൂക്കുറ്റി ജെട്ടിയിൽ വേഗ എക്സ്പ്രസ് ബോട്ട് അടുപ്പിക്കുന്നതിനായി വേമ്പനാട്ട് കായലിൽ ഡ്രഡ്ജു ചെയ്യുന്ന മണ്ണ് അരൂക്കുറ്റി ജെട്ടിക്ക് സമീപമുള്ള മാട്ട ദ്വീപുകാർക്ക് നൽകുവാൻ തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചു.
കഴിഞ്ഞ ദിവസം മാട്ട ദ്വീപിനടുത്ത് ജെ.സി.ബി ഉപയോഗിച്ച് മണൽ വാരുന്നത് ഇവിടെ താമസിക്കുന്നവർ ചേർന്ന് തടഞ്ഞിരുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദാണ് ദ്വീപിനോട് ചേർന്ന് വരുന്ന മണൽ ദ്വീപുകാർക്ക് തന്നെ നൽകാമെന്ന് ഉറപ്പു നൽകിയത്. മണൽ നീക്കുന്നതിനിടെ പൊട്ടിയ കുടിവെള്ള പൈപ്പ് നന്നാക്കാനും കുടിവെള്ള വിതരണം പുനസ്ഥാപിക്കുവാനും തീരുമാനമായി. രണ്ടു വർഷം മുമ്പാണ് വൈക്കം - എറണാകുളം റൂട്ടിൽ വേഗ ബോട്ട് സർവ്വീസ് ആരംഭിച്ചത്.എന്നാൽ അരുക്കുറ്റി ജെട്ടിയിൽ ബോട്ട് അടുപ്പിക്കുന്നതിന് ചാലിലെ മണൽ തടസമായിരുന്നു. എ.എം ആരിഫ് എം.പി യുടെ ഇടപെടലിനെ തുടർന്നാണ് മണൽ നീക്കം ചെയ്യുവാൻ സർക്കാർ ഫണ്ട് അനുവദിച്ചത്. ഇവിടെ ശേഖരിക്കുന്ന മണൽ തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കൈമാറുന്നതിനാണ് മേജർ ഇറിഗേഷൻ വകുപ്പ് തീരുമാനിച്ചിട്ടുള്ളത്.