ചാരുംമൂട്: സിഗ്നൽ സംവിധാനം പാടെ തകരാറിലായതോടെ ചാരുംമൂട് ടൗണിൽ അപകട സാദ്ധ്യതയേറി. കൊല്ലം - തേനി ദേശീയ പാതയും കായംകുളം - പുനലൂർ സംസ്ഥാന പാതയും സംഗമിക്കുന്ന ചാരുംമൂട്ടിൽ വാഹനങ്ങളുടെ തിരക്കേറെയാണ്. ടൗണിന്റെ നാലു ഭാഗത്തേക്കുമുള്ള സിഗ്നൽ ലൈറ്റുകൾ എല്ലാം തകരാറിലാണ്. എല്ലാ ഭാഗത്തെയും ചുവന്ന ലൈറ്റുകൾ തകരാറിലായി.
രണ്ടിടങ്ങളിൽ ചുവപ്പ് ലൈറ്റ് ഒരു വര പോലെ കാണാം. മഞ്ഞ, പച്ച ലൈറ്റുകളുടെയും സ്ഥിതി വ്യത്യസ്തമല്ല. പച്ച ലൈറ്റുകളിൽ ചിലതിന്റെ പാതിഭാഗം മാത്രം കത്തുന്നു.
റോഡ് മുറിച്ച് കടക്കാനുള്ള സിഗ്‌നലുകളില്ലാത്തത് കാൽ നടക്കാരെയും വലയ്ക്കുന്നു. പലപ്പോഴും ഇത് അപകടങ്ങളുണ്ടാക്കുകയും ചെയ്യുന്നുണ്ട്. 2013-14 ലെ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 999209 രൂപ ചെലവഴിച്ചാണ് ടൗണിൽ സോളാർ സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചത്.
ഇതുവഴി വാഹനങ്ങൾ നോട്ടമില്ലാതെ പോകാൻ തുടങ്ങിയതോടെ അപകടങ്ങൾ ഏറിയ സാഹചര്യത്തിൽ സിഗ്നൽ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായതോടെയായിരുന്നു എം.പി ഫണ്ടിൽ നിന്നും സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത്. ലൈറ്റുകൾ തകരാറിലായതോടെ ഗതാഗത നിയന്ത്രണത്തിന് മുഴുവൻ സമയം പൊലീസ് സേവനം ആവശ്യമായിരിക്കുകയാണ്.