s

അലങ്കാര മത്സ്യങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും വില്പന കൂടി

ആലപ്പുഴ : കൊവിഡ് കാലത്ത് അലങ്കാര മത്സ്യങ്ങളുടെയും വളർത്തുമൃഗങ്ങളുടെയും ഓൺലൈൻ വില്പനയിലൂടെ വരുമാനമാർഗം കണ്ടെത്തി യുവാക്കൾ. ഓരോന്നിന്റെയും പ്രത്യേകത, വില എന്നിവയെപ്പറ്റിയുള്ള വിവരങ്ങൾ അടങ്ങിയ വീഡിയോ, ചിത്രങ്ങൾ എന്നിവ ആവശ്യക്കാരിലേക്ക് എത്തിക്കും.

കൊവിഡിൽ തൊഴിൽ നഷ്ടപ്പെട്ട് മടങ്ങിയെത്തിയ പ്രവാസികൾ ഉൾപ്പെടെ ഒട്ടേറെ പേർ ഈ രംഗത്ത് പ്രവർത്തിക്കുന്നു. നായ്ക്കളിൽ പ്രിയം അൽസേഷ്യൻ, റോട് വീലർ, ലാബ്രഡോർ, ഡോബർമാൻ തുടങ്ങിയവയുടെ കുഞ്ഞുങ്ങൾക്കാണ്. പഗ്, പോമറേനിയൻ, ഡാഷ്ഹണ്ട് തുടങ്ങിയവയ്ക്കും വില ഉയർന്നു. അലങ്കാര മത്സ്യ വിപണിയാണ് കൊവിഡ് കാലത്ത് മറ്റൊരു വരുമാന മേഖല. കുട്ടികളാണ് ഇവയുടെ ആവശ്യക്കാർ. ആദ്യ ലോക്ക് ഡൗൺ കാലത്തേ മത്സ്യവളർത്തൽ ട്രെൻഡായിരുന്നു.

ഗപ്പി, ഫൈറ്റർ മോളി, പ്ലാറ്റി, ഗോൾഡ് ഫിഷ്, എയ്ഞ്ചൽ തുടങ്ങിയവയൊക്കെയാണ് പ്രിയതാരങ്ങൾ. പക്ഷിവളർത്തലിനോടും കൊവിഡ് കാലത്ത് പ്രിയമേറിയിട്ടുണ്ട്. കുഞ്ഞു ഫിഞ്ചുകൾ മുതൽ ആഫ്രിക്കൻ ചാര തത്തകൾ വരെയുള്ള അലങ്കാര പക്ഷികളുടെ വില്പന കൂടി. നേരത്തെ ആഫ്രിക്കൻ ചാര തത്ത ജോടിക്ക് 65,000 രൂപയായിരുന്നു. ഒരു ജോടി സങ്കനോർ പക്ഷികൾ 55,000 രൂപയ്ക്കും ലഭിച്ചിരുന്നു. ഇപ്പോൾ ഇതിനൊക്കെ വില കൂടിയതായി കച്ചവടക്കാർ പറയുന്നു. പെട്ടെന്ന് രോഗം ബാധിക്കുന്നവയാണ് വിദേശ ഇനങ്ങളിൽ നല്ല പങ്കും. ദിവസവും കൂടു വൃത്തിയാക്കുകയും നിരീക്ഷിക്കുകയും നിരന്തരം മെഡിക്കൽ ചെക്കപ്പ് നടത്തുകയും പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കുകയും ചെയ്തില്ലെങ്കിൽ ഇവ അധിക കാലം ജീവിക്കില്ല.

അരുമകളുടെ വില

 വിവിധയിനം നായ്‌ക്കുഞ്ഞുങ്ങൾ (ഒരെണ്ണത്തിന്)................₹ 5000-25000

 മത്സ്യങ്ങൾ (ജോടിയ്ക്ക്)................................₹ 50-1000(ജോഡി)

 വർണപക്ഷികൾ (ഒരെണ്ണത്തിന്)......................₹ 250-100000

....................

'' കൊവിഡ് കാലത്ത് ഉപജീവന മാർഗമാണ് വളർത്ത് മൃഗങ്ങളും അലങ്കാരന മത്സ്യങ്ങളുടെയും വിൽപ്പന. ജോലി നഷ്ടപ്പെട്ട പ്രവാസികളിൽ പലരും ഈ തൊഴിലിലേക്ക് തിരിഞ്ഞു.

(ശങ്കർ,കച്ചവടക്കാരൻ, കൊങ്ങിണി ചുടുകാട്)