photo

ആലപ്പുഴ: അമേരി​ക്കൻ, മെക്സി​ക്കൻ സ്വദേശി​യായ ഒരു അതി​ഥി​ ആലപ്പുഴ നഗരത്തി​ലെ ഇന്ദിരാ ജംഗ്ഷനിൽ മുസ് ലിയാർ ഹൗസിൽ താമസിക്കുന്ന ഷെരീഫിന്റെ വീട്ടി​ലെത്തി​. വീട്ടി​ൽ വന്നെന്നുമാത്രമല്ല പൂവി​ട്ട് കായ്ക്കുകയും ചെയ്തു. മറ്റാരുമല്ല, അമേരിക്കൻ ബ്യൂട്ടി ഇനത്തിൽ വരുന്ന ഡ്രാഗൺ ഫൂട്ട്‌സ് ആണ് ആ അതി​ഥി​.

ട്രഷറി ഡെപ്യൂട്ടി സൂപ്രണ്ടായി വിരമിച്ച ഷെരീഫ് അപൂർവ ഇനം ചെടി​കളുടെയും മറ്റും ആരാധകനാണ്. അങ്ങനെയാണ് അമേരിക്കൻ ബ്യൂട്ടി ഇനത്തിൽ വരുന്ന ഡ്രാഗൺ ഫൂട്ട്‌സി​ന്റെ തൈകൾ ചങ്ങനാശേരി​യി​ൽ നി​ന്ന് തരപ്പെടുത്തി​യത്. മലേഷ്യയിൽ നിന്ന് കൊണ്ടുവന്ന ഡ്രാഗൺ​ ഫ്രൂട്ട്‌സ് ചെടി ഒരു ലേഡി ഡോക്ടർ ചങ്ങനാശേരിയിൽ വളർത്തുന്നത് വാർത്തകളി​ൽ വന്നി​രുന്നു. അങ്ങനെയാണ് ഡോക്ടറുടെ വീട് കണ്ടെത്തി അവരിൽ നിന്ന് ആയിരം രൂപയ്ക്ക് വാങ്ങിയത്.

ആലപ്പുഴ നഗരത്തിലെ കാലവസ്ഥയിൽ ചെടികൾ കായ്ക്കുമോയെന്ന് ഷെരീഫിന് സംശയമുണ്ടായിരുന്നു. വളരെ ശ്രദ്ധയോടെ പരിപാലിച്ചാൽ മാത്രം ഫലം തരുന്ന ചെടി​യാണി​ത്. അടുത്തി​ടെയാണ് ചെടി​കൾ കായ്ച്ചത്. കൂടുതൽ ഫലം ലഭിക്കാൻ തുടങ്ങിയതോടെ ഡ്രാഗൺ ഫ്രൂട്ട്സ് കൃഷിയിലേക്ക് ഇറങ്ങാനാണ് ഷെരീഫ് പദ്ധതിയിട്ടിരിക്കുന്നത്. അഞ്ച് സെന്റുള്ള വീട്ടുവളപ്പിൽ കൂടുതൽ ചെടികൾ നട്ടുപിടിപ്പിച്ചിരിക്കുകയാണ്.

പ്രഷർ കുറയ്ക്കും രോഗ പ്രതി​രോധം കൂട്ടും

മലേഷ്യയിലും അമേരിക്കയിലും വ്യാപകമായ തോതിൽ കൃഷിചെയ്യുന്ന ഡ്രാഗൺ ഫ്രൂട്ട്സ് സമീപകാലത്താണ് കേരളത്തിൽ പ്രചാരത്തിലായത്. നിരവധി ഔഷധഗുണങ്ങളുള്ളതാണ് ഇതിന്റെ ഫലം. കലോറി കൂടിയ പഴത്തിൽ പ്രോട്ടീനും വിറ്റാമിൻ സിയും ഫൈബറും അയണും അടങ്ങിയിട്ടുണ്ട്. ബ്ളഡ് പ്രഷർ കുറയ്ക്കാനും രോഗപ്രതി​രോധ ശേഷി​ വർദ്ധി​പ്പി​ക്കാനും സഹായി​ക്കും. കള്ളിച്ചെടി ഇനത്തിൽപ്പെട്ട ഇതി​ന്റെ ജന്മദേശം മെക്‌സിക്കോയും സെൻട്രൽ അമേരിക്കയുമാണ്. ഹോണോലുലു ക്യൂൻ എന്നാണ് അറിയപ്പെടുന്നത്. പിത്തായ, സ്ട്രോബറി പിയർ തുടങ്ങിയ പേരുകളുമുണ്ട്. നാല് മുതൽ അഞ്ച് വർഷം വളർച്ച എത്തുമ്പോഴാണ് പൂക്കുന്നത്. രണ്ട് തരത്തിലുള്ള ഫ്രൂട്സാണ് സാധാരണയായി കണ്ടുവരുന്നത്. ചുവപ്പും പച്ചയും അടങ്ങുന്ന തൊലിയോട് കൂടിയതും മഞ്ഞത്തൊലിയോട് കൂടിയതും. ഇവയുടെ ഉള്ളിൽ കറുത്ത വിത്തുകളോടെ വെളുത്ത പൾപ്പും വയലറ്റ് കളറും കാണാം.