അരൂർ: ജില്ലയുടെ വടക്കേ അതിർത്തിയായ അരൂർ ബൈപാസ് ജംഗ്ഷനിൽ റോഡരികിലെ വെള്ളക്കെട്ട് അപകടക്കെണിയാകുന്നു. ദേശീയപാതയിലെ ഏറെ തിരക്കുള്ള ബസ് സ്റ്റോപ്പ് ആണിത്. കാനയുണ്ടെങ്കിലും വെളളം ഒഴുകി പോകാതെ റോഡിൽ കെട്ടി നിൽക്കുകയാണ്. ബസ് യാത്രക്കാരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ദേശീയപാതയും സംസ്ഥാന പാതയും സംഗമിക്കുന്ന ജംഗ്ഷനിലെ സ്റ്റോപ്പിൽ വെള്ളക്കെട്ട് ആയതിനാൽ റോഡിന് നടുക്കാണ് യാത്രക്കാരെ കയറ്റിയിറക്കുവാൻ ബസുകൾ ഇeപ്പാൾ നിറുത്തുന്നത്. ഇത് ജംഗ്ഷനിൽ ഗതാഗത തടസത്തിനും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. വാഹനങ്ങൾ കടന്നു പോകുമ്പോൾ യാത്രക്കാരുടെ മേൽ ചെളി വെള്ളം തെറിച്ചു വീഴുന്നതായും പരാതിയുണ്ട്. ജംഗ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്.