കുട്ടനാട്: എ.സി റോഡിൽ ഇപ്പോൾ നടത്തുന്ന പുനർനിർമ്മാണ പ്രവൃത്തികൾ അശാസ്ത്രീയമാണെന്നും ഈ റോഡിനെ കേന്ദ്ര സർക്കാർ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ആ പദ്ധതിയുടെ മാനദണ്ഡങ്ങൾക്ക് അനുസരിച്ചു ഡിസൈനിലും ഡി.പി.ആറിലും മാറ്റം വരുത്തണമെന്നും കുട്ടനാട് സാമുദായിക ഐക്യ വേദി അഭിപ്രായപ്പെട്ടു. ഇപ്പോൾ നടക്കുന്ന പ്രവൃത്തികൾ കാരാറുകാരുടെ താൽപ്പര്യത്തിന് അനുസൃതമായിട്ടുള്ളതാണ് . റോഡിന്റെ ഉയരം വേണ്ടത്ര വർദ്ധിപ്പിക്കാത്തതും, വീതി 10 മീറ്റർ ആയി ചുരുക്കുന്നതും ഗതാഗതക്കുരുക്ക് സൃഷ്ടിക്കും. വേണ്ടത്ര ഉയരമില്ലാതെ നിർമ്മിക്കുന്ന സെമി എലിവേറ്റഡ് ഹൈവേ കൾ ഭാരത് മാല പദ്ധതിയിൽ പൊളിച്ചുനീക്കേണ്ടിവരും. പ്രവൃത്തികൾ തടയുന്നത് ഉൾപ്പടെയുള്ള സമരങ്ങളിലേക്ക് നീങ്ങുമെന്ന് നേതാക്കളായ ഫാ. ജോസഫ് കൊച്ചുചിറ, പ്രൊഫ. കെ. പി. നാരായണപിള്ള, എ പി ലാൽകുമാർ, സന്തോഷ് ശാന്തി, ആനന്ദ് പട്ടമന, കെ ആർ ഗോപകുമാർ, വിശ്വനാഥൻ, കെ കെ രാജു തുടങ്ങിയവർ അറിയിച്ചു.