അമ്പലപ്പുഴ : അമ്പലപ്പുഴ മണ്ഡലത്തിലെ തീരദേശത്ത് പൂർണ്ണമായും പുലിമുട്ടുകൾ നിർമ്മിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ ഉറപ്പ് നൽകി. എച്ച്. സലാം അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. കിഫ്ബിയിൽ നിന്ന് ധനസഹായം ലഭ്യമാക്കി കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെൻറ് കോർപ്പറേഷൻ (കെ. ഐ. ഡി .സി) മുഖേനയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. 23- കിലോമീറ്റർ ദൈർഘ്യമുള്ള മണ്ഡലത്തിലെ കടൽത്തീരത്തിന്റെ ഭൂരിഭാഗത്തും രൂക്ഷമായ കടലാക്രമണമാണ് അനുഭവപ്പെടുന്നത്.നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായതിനാൽ മത്സ്യ തൊഴിലാളികളെ പുനരധിവസിപ്പിക്കേണ്ടി വന്നു. രൂക്ഷമായ കടലാക്രമണം നേരിടുന്ന കോമന മുതൽ കാക്കാഴം വരെയും, വളഞ്ഞവഴി മുതൽ പുന്നപ്ര ഫിഷിംഗ് ഹാർബർ വരെയും 51.30 കോടി രൂപ ചെലവിൽ 30 പുലിമുട്ടുകളുടെയും, 305 മീറ്റർ നീളത്തിൽ കടൽഭിത്തിയുടെയും നിർമ്മാണം പുരോഗമിക്കുന്നു. ചെന്നൈ ഐ .ഐ. ടി യിൽ നിന്നുള്ള ശാസ്ത്രീയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് പുലിമുട്ടുകൾ നിർമ്മിക്കുന്നതെന്നും മന്ത്രി​ പറഞ്ഞു.