anilkumar
അനിൽകുമാർ

പൂച്ചാക്കൽ: പാണാവള്ളിയിൽ വീട് കുത്തിതുറന്ന് സ്വർണ്ണാഭരണങ്ങൾ കവർച്ച ചെയ്ത കേസിലെ കൂട്ടുപ്രതിയേയും പൂച്ചാക്കൽ പൊലീസ് അറസ്റ്റു ചെയ്തു. വൈക്കം ചെമ്മനത്തുകരയിൽ കണിച്ചേരി വീട്ടിൽ അനിൽകുമാർ ( സന്തോഷ് -40) ആണ് പിടിയിലായത്. കഴിഞ്ഞ 15 ന് പാണാവള്ളി 15-ാം വാർഡ് കൊഴുവത്തറ വീട്ടിൽ മാത്യു ജോസഫിന്റെ വീട്ടിൽ നിന്നും 15 പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയ കേസിലാണ് അറസ്റ്റ്. ഈ കേസിൽ മാത്യു ജോസഫിന്റെ സഹോദരപുത്രൻ ജോബിനെ ശനിയാഴ്ച പൊലീസ് പിടികൂടിയിരുന്നു. ജോബിൻ ഇപ്പോൾ റിമാൻഡിലാണ്. മാത്യു ജോസഫും ഭാര്യ ജെസിയും തേവരയിലെ മകളുടെ വീട്ടിൽ പോയ ദിവസം രാത്രി, ജോബിനും സന്തോഷും ബൈക്കിലെത്തി വീടിന്റെ മുൻവാതിൽ തകർത്ത് അകത്ത് കയറി അലമാരിയിൽ സൂക്ഷിച്ച സ്വർണം കവർച്ച ചെയ്യുകയായിരുന്നു. മോഷ്ടിച്ച സ്വർണ്ണത്തിൽ നാലര പവൻ വൈക്കത്തുള്ള സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ പണയം വച്ചിരുന്നു. ബാക്കിയുള്ള പത്തര പവൻ സ്വർണവും സഞ്ചരിച്ച ബൈക്കും സന്തോഷിന്റെ പക്കൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷിനെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.