taxi

ആലപ്പുഴ: റോഡ് നിർമ്മാണത്തിന് എ - സി റോഡിൽ ഗതാഗത നിയന്ത്രണം വരുന്നതോടെ ബദൽ മാർഗമെന്ന നിലയിൽ വാട്ടർ ടാക്‌സി സൗകര്യം ഒരുങ്ങുന്നു. തിങ്കളാഴ്ച മുതൽ ആലപ്പുഴ - ചങ്ങനാശേരി ബോട്ട് റൂട്ട് കനാലിൽ വാട്ടർ ടാക്‌സി ഓടിത്തുടങ്ങും. ഇന്നലെ പരീക്ഷണ ഓട്ടം നടത്തി.

ഒരുസമയം പത്ത് യാത്രക്കാർക്ക് ടാക്‌സിയിൽ സഞ്ചരിക്കാം. രണ്ട് ജീവനക്കാരുമുണ്ടാകും. അനുകൂല സാഹചര്യമെങ്കിൽ രണ്ട് മണിക്കൂറിൽ താഴെ മതിയാകും യാത്രയ്ക്ക്. രാജ്യത്തെ ആദ്യ വാട്ടർ ടാക്‌സിയായി കഴിഞ്ഞ വർഷം ആലപ്പുഴയിൽ ഉദ്ഘാടനം ചെയ്ത ബോട്ടാണ് ചങ്ങനാശേരിയിലേയ്ക്കും സർവീസ് നടത്തുക. വിനോദസഞ്ചാര മേഖലയ്ക്ക് പ്രാധാന്യം നൽകിയാണ് വാട്ടർ ടാക്സി സർവീസ് ആരംഭിച്ചത്. ശിക്കാര വള്ളങ്ങളുടെയും സ്പീഡ് ബോട്ടുകളുടെയും മാതൃകയിലുള്ള ഡീസൽ ഔട്ട് ബോർഡ് എൻജിനിലാണ് പ്രവർത്തനം. ലൈറ്റുകൾ ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾക്ക് സൗരോർജ്ജമാണ് ഉപയോഗിക്കുന്നത്.

ടാക്‌സി വിളിക്കാനുള്ള ഫോൺ നമ്പറുകൾ ഉടൻ ലഭ്യമാക്കും. ആലപ്പുഴയിലേക്കും ചങ്ങനാശേരിയിലേക്കും എത്താനുള്ള സൗകര്യം കണക്കിലെടുത്ത് ബോട്ട് നെടുമുടിയിൽ നിറുത്തിയിടാനാണ് ആലോചന. ആലപ്പുഴയ്ക്ക് പുറമേ കണ്ണൂർ പറശിനിക്കടവിലും ജലഗതാഗത വകുപ്പിന്റെ വാട്ടർ ടാക്‌സി പ്രവർത്തിക്കുന്നുണ്ട്.

മണിക്കൂറിൽ വേഗത: 15 നോട്ടിക്കൽ മൈൽ (30 കിലോ മീറ്റർ)

പഴയ നിരക്ക്

മണിക്കൂറിന്: ₹ 1,500

ഒരാൾക്ക്: ₹ 150 (പത്തുപേരാണെങ്കിൽ)

അര മണിക്കൂർ: ₹ 750

പൊതുജനങ്ങൾക്ക്

പൊതുജനങ്ങൾക്ക് താങ്ങാനാകുന്ന രീതിയിലുള്ള നിരക്ക് ഇന്ന് ജലഗതാഗത വകുപ്പ് അധികൃതർ തീരുമാനിക്കും.

''

പൊതുജനങ്ങൾക്കുള്ള നിരക്ക് ഉടൻ നിശ്ചയിക്കും. ഉയരക്കുറവുള്ള കെ.സി പാലം വാട്ടർ ടാക്‌സി സർവീസിനെ ബാധിക്കുമോയെന്ന് ആശങ്കയുണ്ട്. സർവീസ് കുട്ടനാട്ടുകാർക്ക് ആശ്വാസകരമാണ്.

ഷാജി.വി. നായർ, ഡയറക്ടർ

ജലഗതാഗത വകുപ്പ്