ആലപ്പുഴ : ലൈഫ് മിഷനിൽ വീട് ലഭിക്കാൻ കഴിഞ്ഞവർഷം ലഭിച്ച 70,000 അപേക്ഷകളുടെ പരിശോധന കൊവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് വൈകുന്നു. അപേക്ഷകരുടെ താമസസ്ഥലത്തെത്തി പരിശോധന നടത്താൻ ഉദ്യോഗസ്ഥർക്ക് കഴിയാത്തതാണ് കാരണം.സർക്കാർ നിദ്ദേശം ലഭിച്ചാൽ ഉടൻ പരിശോധന പൂർത്തീകരിച്ച് ലിസ്റ്റ് തയ്യാറാക്കി അർഹരായവർക്ക് വീടുകൾ ഉറപ്പാക്കുമെന്നാണ് അധികൃതർ പറയുന്നത്.

ജില്ലയിൽ ഒന്നും രണ്ടും ഘട്ടങ്ങളിലായി 18,402 വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. 3500 വീടുകൾ നിലവിൽ നിർമ്മാണത്തിലുണ്ട്. മൂന്നാമത്തെ ഘട്ടത്തിൽ ഭൂരഹിതരായ 7000 പേരുണ്ട്. ഇവരിൽ ഭൂമി ലഭിച്ച 1500 പേർക്കായി വീടുകളുടെ നിർമ്മാണം ആരംഭിച്ചതിൽ 87 എണ്ണം പൂർത്തീകരിച്ചു. പറവൂർ, മണ്ണഞ്ചേരി, പള്ളിപ്പാട് എന്നിവിടങ്ങളിൽ ഭവനസമുച്ചയങ്ങളുടെ നിർമ്മാണവും പുരോഗമിക്കുന്നു

കൈമാറിയ വീടുകൾ

ഒന്നാം ഘട്ടം .................................2728

രണ്ടാം ഘട്ടം................................. 8936

മൂന്നാംഘട്ടം...................................87

പി.എം.എ.വൈ(അർബൻ)........ 4137

പി.എം.എ.വൈ(റൂറൽ)............. 758

പട്ടികജാതി വിഭാഗം....................955

പട്ടികവർഗ വിഭാഗം....................10

മത്സ്യത്തൊഴിലാളികൾ..............598

ന്യൂനപക്ഷ വിഭാഗം.....................193

ഫ്ളാറ്റുകളുടെ നിർമ്മാണം

ഭൂരഹിതർക്കായി നാല് ഫ്‌ളാറ്റുകളുടെ നിർമ്മാണം ലൈഫ് മിഷൻ ഏറ്റെടുത്തിട്ടുണ്ട്. ആലപ്പുഴയിൽ 157 കുടുംബങ്ങൾക്കായി രണ്ട് ഫ്‌ളാറ്റുകളും മണ്ണഞ്ചേരിയിൽ 28 കുടുംബങ്ങൾക്കായി ഒരു ഫ്‌ളാറ്റും പള്ളിപ്പാട്ട് 49 കുടുംബങ്ങൾക്കായി ഒരു ഫ്‌ളാറ്റും നിലവിൽ നിർമ്മാണത്തിലാണ്. മൂന്നാം ഘട്ടത്തിൽ പട്ടികജാതി വിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ എന്നിവർക്ക് വീട് ലഭ്യമാക്കാനാണ് ഊന്നൽ നൽകുന്നത്. ഭവന നിർമ്മാണത്തിന് ഗുണഭോക്താവിന് നാല് ലക്ഷം രൂപയാണ് ലൈഫ് പദ്ധതിയിലെ ധനസഹായം. സംവരണ വിഭാഗത്തിലെ ഗുണഭോക്താക്കൾക്ക് 6 ലക്ഷം രൂപയും ധനസഹായം നൽകും. ഗുണഭോക്താക്കൾക്ക് ഭൂമി കണ്ടെത്താൻ ഭൂമി ചലഞ്ചും സംഘടിപ്പിക്കും.

"ലൈഫ് പദ്ധതിയെ കൂടുതൽ ജനകീയമാക്കുകയാണ് ലക്ഷ്യം. മുഴുവൻ അപേക്ഷകളും പരിശോധിച്ച് അർഹതാ ലിസ്റ്റ് ഉടൻ തയ്യാറാക്കും.

-ഉദയ സിംഹൻ, ജില്ലാ കോ-ഓഡിനേറ്റർ,ലൈഫ് മിഷൻ