s

കുട്ടനാട് : ഹൗസ്‌ബോട്ടിൽ ഉല്ലാസ യാത്രയ്ക്ക്‌ ശേഷം കൈനകരിയിൽ പമ്പയാറ്റിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ആലുവ വടക്ക് കടുങ്ങല്ലൂർ അമ്പക്കുടി അൻസാർ- ഖൻസീറ ദമ്പതികളുടെ മകൻ ആദിലിന്റെ (മനു, 22) മൃതദേഹമാണ് ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ഇന്നലെ രാവിലെ ഒമ്പതോടെ കൈനകരി ഗുരുമന്ദിരം ജെട്ടിക്ക് സമീപത്തു നിന്ന് കണ്ടെത്തിയത്.

എടത്തല എം.ഇ.എസ് കോളേജിലെ മൂന്നാംവർഷ ബിരുദ വിദ്യാർത്ഥിയായ ആദിൽ ഉൾപ്പെടെ പതിമൂന്നുപേരടങ്ങുന്ന സംഘം ചൊവ്വാഴ്ച വൈകിട്ടോടെ ആലപ്പുഴയിൽ നിന്ന് ഹൗസ് ബോട്ടിൽ കൈനകരിയിലെത്തിയ ശേഷം ഗുരുമന്ദിരം ജെട്ടിക്ക് സമീപം ബോട്ട് അടുപ്പിച്ചു. ഇതിനുശേഷം കടവിലിറങ്ങി കുളിക്കാനിറങ്ങിയ ആദിൽ നീന്തുന്നതിനിടെ വെള്ളത്തിനടിയിലേക്ക് മുങ്ങിത്താഴുകയായിരുന്നു.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.