ambala
പൊലീസ് സാന്നിദ്ധ്യത്തിൽ അനിൽകുമാറിന് വിഷ്ണുനാരായണൻ പണം കൈമാറുന്നു

അമ്പലപ്പുഴ: പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ നഷ്ടപ്പെട്ടെന്ന് കരുതിയ പണം തിരികെ ലഭിച്ചു. പുറക്കാട് പുത്തൻപറമ്പിൽ അനിൽ കുമാർ ഇന്ത്യൻ ബാങ്കിന്റെ അമ്പലപ്പുഴ ശാഖയിൽ സ്വർണം പണയപ്പെടുത്തിയെടുത്ത 70,000 രൂപയാണ് തിരികെ ലഭിച്ചത്.

ബുധനാഴ്ച രാവിലെ ബാങ്കിലെത്തിയ സുനിൽ കുമാർ ഇടപാടിന് ശേഷം ബൈക്കിൽ തിരികെ വീട്ടിലെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. 11.30 ഓടെ സ്റ്റേഷനിലെത്തി പരാതി നൽകി. സി.ഐ ദ്വിജേഷിന്റെ നിർദ്ദേശാനുസരണം പൊലീസുകാർ ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പണവുമായി ബാങ്കിൽ നിന്നിറങ്ങിയ അനിൽകുമാർ സ്വന്തം ബൈക്കെന്ന് കരുതി മറ്റൊരു ബൈക്കിന്റെ കവറിനുള്ളിൽ പണവും പാസ് ബുക്കും വച്ചതായി കണ്ടെത്തി. എന്നാൽ ഹെൽമെറ്റ് ധരിച്ചപ്പോൾ തന്റേതല്ലെന്ന് മനസിലാക്കി സ്വന്തം ബൈക്കിൽ തിരികെ പോവുകയായിരുന്നു. ഈ സമയം സമീപത്തെ ബൈക്കിൽ വച്ച പണമെടുക്കാൻ മറന്നു.

പണം സൂക്ഷിച്ചിരുന്ന ബൈക്കിന്റെ ഉടമ അമ്പലപ്പുഴ വാളമ്പറമ്പിൽ വിഷ്ണുനാരായണനെ തിരിച്ചറിഞ്ഞ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ പണവും പാസ് ബുക്കും സുരക്ഷിതമാണെന്ന് മറുപടി ലഭിച്ചു. തുടർന്ന് ഇരുവരും സ്റ്റേഷനിലെത്തി പണം കൈമാറുകയായിരുന്നു.