ആലപ്പുഴ: തിരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കുന്ന കെ.പി.സി.സി സമിതിക്ക് മുന്നിൽ പരാതി പ്രളയം. സ്ഥാനാർത്ഥികളായിരുന്ന കെ.എസ്. മനോജ്, എസ്. ശരത്, അരിത ബാബു, അഡ്വ. ജേക്കബ് എബ്രഹാം എന്നിവരാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ വീഴ്ചകൾ വിശദീകരിച്ചത്. കെ.പി.സി.സി നിർവ്വാഹക സമിതി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, പോഷകസംഘടനാ ഭാരവാഹികൾ എന്നിവരും സമിതി അംഗങ്ങളുമായി കൂടികാഴ്ച നടത്തി. ഡി.സി.സി പ്രസിഡന്റിന്റെ ചുമതലയുള്ള എം. ലിജു മുൻ തിരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് നില താരതമ്യം ചെയ്‌തു കൊണ്ടുള്ള റിപ്പോർട്ട് നൽകി. അമ്പലപ്പുഴയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവച്ച ലിജു ഇന്ന് സമിതി മുമ്പാകെ ഹാജരാകും. വി.സി. കബീർ ചെയർമാനും, പുനലൂർ മധു, ഖാദർ മാങ്ങാട് എന്നിവ അംഗങ്ങളുമായ സമിതിയാണ് തിരഞ്ഞെടുപ്പ് പരാജയം അന്വേഷിക്കുന്നത്.