ആലപ്പുഴ: അമൃത് പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി 9 കോടി രൂപ ജല അതോറിട്ടിയ്ക്ക് നൽകാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. ജൽ ശക്തി അഭിയാൻ പ്രോജക്ട് ആരംഭിയ്ക്കുന്നതിന് മുന്നോടിയായി പൈലറ്റ് പ്രോജക്ടായി ശതാബ്ദി മന്ദിരത്തിലെ മഴവെള്ള കൊയ്ത്ത്, ദേശീയപാത ബൈപ്പാസിൽ റാണി തോടിന് വശങ്ങളിൽ കല്ല് കെട്ട് എന്നിവ ഏറ്റെടുക്കും. സെപ്തംബർ 30 ന് മുമ്പായി ഈ പദ്ധതികൾ പൂർത്തിയാക്കും.

ഐ.സി.ഐ.സി.ഐ ബാങ്കിന്റെ സാമൂഹ്യ പ്രതിബന്ധതാ ഫണ്ടിന്റെ വിഹിതമായി നഗരസഭയ്ക്ക് ലഭിച്ച 6 ലക്ഷം രൂപ 'അഴകോടെ ആലപ്പുഴ" എന്ന പദ്ധതിയിൽപ്പെടുത്തി നഗരശുചീകരണത്തിനും സൗന്ദര്യവത്കരണത്തിനുമായി ചെലവഴിക്കും. പദ്ധതി വിഹിതമായ 15 ലക്ഷമടക്കം 21 ലക്ഷം രൂപ ഉപയോഗിച്ച് നഗരത്തിൽ നിർമ്മാണത്തിലിരിയ്ക്കുന്ന 13 വൈറ്റ് ടോപ്പിംഗ് റോഡുകളുടെ വശങ്ങൾ സൗന്ദര്യവത്കരിക്കും. ശാന്തി മന്ദിരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിയ്ക്കുന്നതിന് ഷെൽട്ടർ മാനേജ്‌മെന്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. നഗരസഭ ആരോഗ്യ വിഭാഗത്തിലെ ശുചീകരണ തൊഴിലാളികളുടെ ഒഴിവുകൾ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് വഴി നികത്തും. മ നഗരസഭാ പ്രവർത്തനങ്ങൾ പൊതുജന മദ്ധ്യത്തിലേയ്ക്ക് എത്തിയ്ക്കുന്നതിനായി ഇ- ന്യൂസ് ലെറ്റർ പ്രസിദ്ധീകരിയ്ക്കുന്നതിനും തീരുമാനിച്ചു.

യോഗത്തിൽ ചെയർപേഴ്‌സൺ സൗമ്യ രാജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.ബാബു, ബീന രമേശ്, എ.ഷാനവാസ്, ആർ വിനീത, ബിന്ദു തോമസ്, കക്ഷി നേതാക്കളായ എം.ആർ.പ്രേം ,ഡി.പി.മധു, അഡ്വ.റീ ഗോരാജു, എം.ജി സതീദേവി, നസീർ പുന്നയ്ക്കൽ, രതീഷ്, സലിം മുല്ലാത്ത് എന്നിവർ സംസാരിച്ചു.