ആലപ്പുഴ : ശേഖരിക്കാൻ കയർ കോർപറേഷന് ഗോഡൗൺ സൗകര്യം ഇല്ലാത്തതിനാൽ ജില്ലയിൽ ചെറുകിട ഉത്പാദക സംഘങ്ങൾ ഉത്പാദിപ്പിച്ച 35 കോടിരൂപയുടെ കയർ ഉത്പന്നങ്ങൾ കെട്ടിക്കിടക്കുന്നു. കയർവലപ്പായ, കയർ തടുക്ക്തുടങ്ങിയവയാണ് കെട്ടിക്കിടക്കുന്നത്.

വിഷയത്തിൽ സർക്കാരും കയർ കോർപ്പറേഷനും അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്തമായി. 52 ചെറുകിട ഉത്പാദക സംഘങ്ങളിലായി 8600അംഗങ്ങളും 35000തൊഴിലാളികളും ഉണ്ട്. ഓണക്കാലത്ത് തൊഴിലാളികൾക്ക് കൂലിയും ബോണസും കൊടുക്കാൻ കഴിയയാത്ത അവസ്ഥയിലാണ് ചെറുകിട ഉത്പാദക സംഘങ്ങൾ. കയർ കേരളയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 125കോടിരൂപയുടെ കയർപായ(ജിയോടെക്) വാങ്ങാമെന്ന് വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികൾ കരാർ ഒപ്പിട്ടിരുന്നു. ഇതനുസരിച്ച് കയർകോർപ്പറേഷൻ ചെറുകിട കയർ ഫാക്ടറികൾക്ക് കയർവലപ്പായ നിർമ്മിക്കാൻ ഓർഡർ നൽകി. എന്നാൽ ഭൂരിപക്ഷം പഞ്ചായത്ത് ഭരണസമിതികളും കരാറിൽ നിന്ന് പിൻവാങ്ങിയതോടെ ചെറുകിട സംഘങ്ങൾ ഉത്പാദിപ്പിച്ച കയർ ഉത്പന്നങ്ങൾ സംഭരിക്കാൻ കഴിയാത്ത അവസ്ഥയിലായി കയർകോർപ്പറേഷൻ.

കൊവിഡിനെ തുടർന്ന് ആഭ്യന്തര-വിദേശ വിപണി നിശ്ചലമായതിനാൽ ചെറുകിടക്കാരിൽ നിന്ന് എടുത്ത 42 കോടി രൂപയുടെ ഉത്പന്നങ്ങൾ കയർ കോർപ്പറേഷനിൽ കെട്ടിക്കിടക്കുകയാണ്. തങ്ങളുടെ ഉത്പന്നങ്ങൾ സംഭരിക്കണമെന്ന് ആവശ്യപ്പെട്ട് ചെറുകിട ഉത്പാദക സംഘം ഭാരവാഹികളും തൊഴിലാളികളും പ്രത്യക്ഷ സമരവുമായി രംഗത്ത് എത്തി.

52 ചെറുകിട കയർ ഉത്പാദക സംഘങ്ങൾ

8600 അംഗങ്ങൾ

35000തൊഴിലാളികൾ

ഉത്പന്നങ്ങൾ ശേഖരിക്കാൻ ഗോഡൗൺ ഇല്ലാത്ത അവസ്ഥയിലാണ്. കയർ തടുക്ക് നിർമ്മാണ മേഖലയിൽ തൊഴിൽ പൂർണ്ണമായും നിലച്ചു. ഇതിൽ സർക്കാരും കയർ കോർപ്പറേഷനും അടിയന്തരമായി ഇടപെടണം

എം.പി.പവിത്രൻ, പ്രസിഡന്റ്, ചെറുകിട കയർ ഉത്പാദക സംഘം

"കയർകേരളയിൽ 125കോടിയുടെ ഓർഡർ പഞ്ചായത്തുകൾ നൽകിയെങ്കിലും ഇവർ കയർഭൂവസ്ത്രം എടുക്കുന്നില്ല. വിവിധ ചെറുകിട സംഘങ്ങളിൽ നിന്ന് സംഭരിച്ച 42കോടിരൂപയുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ കഴിയാതെ കെട്ടികിടക്കുന്നതിനാലാണ് ഇപ്പോൾ ഉത്പാദിപ്പിച്ച കയർഭൂവസ്ത്രം ശേഖരിക്കാൻ കഴിയാത്തത്.

ടി.കെ.ദേവകുമാർ, മുൻ ചെയർമാൻ, കയർ കോർപ്പറേഷൻ