ambala

അമ്പലപ്പുഴ : വാഹനങ്ങളുടെ അമിത വേഗത ഉൾപ്പെടെയുള്ള ട്രാഫിക് ലംഘനങ്ങൾ പിടികൂടുന്നതിനായി കാക്കാഴം മേൽപ്പാലത്തിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച നിരീക്ഷണ കാമറകൾ നോക്കുകുത്തിയായി. ഉദ്ഘാടനം കഴിഞ്ഞ് കുറച്ചുകാലം മാത്രമാണ് കാമറകൾ പൂർണമായി പ്രവർത്തിച്ചത്.

നിരന്തരമായ ആവശ്യങ്ങൾക്കൊടുവിൽ, റോഡ് സുരക്ഷാ അതോറിട്ടി 27 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച 9 കാമറകളുടെ പ്രവർത്തനോദ്ഘാടനം നടന്നത് 2019 മാർച്ച് നാലിനാണ്. മാസങ്ങൾ കഴിഞ്ഞപ്പോൾ സാങ്കേതിക തകരാറ് സംഭവിച്ചതോടെ കാമറകളുടെ പ്രവർത്തനം നിലച്ചു. ഇതിനു ശേഷം തകരാറ് പരിഹരിച്ചെങ്കിലും പൂർണതോതിൽ കാമറകൾ പ്രവർത്തനക്ഷമമായില്ല. മേൽപ്പാലത്തിന്റെ തുടക്കത്തിലെയും അവസാനത്തെയും ഭാഗങ്ങളായ കാക്കാഴത്തും ഇരട്ടക്കുങ്ങരയിലും രണ്ട് കൺട്രോൾ റൂമുകളും പൊലീസ് തുറന്നിരുന്നു. ആദ്യമൊക്കെ ഇവിടെ പൊലീസുകാർ ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഇപ്പോൾ ആരും തിരിഞ്ഞുനോക്കാനില്ലാതെ കാടുപിടിച്ചു കിടക്കുകയാണ് കൺട്രോൾ റൂമുകൾ.

നിരന്തരം അപകടങ്ങൾ ഉണ്ടാകുന്ന ഇടമാണ് കാക്കാഴം മേൽപ്പാലം. അമിത വേഗത്തിലെത്തുന്ന വാഹനങ്ങൾ മറ്റു വാഹനങ്ങളെ മറികടക്കുന്നതാണ് കൂടുതൽ അപകടങ്ങൾക്കും കാരണമാകുന്നത്.നിരീക്ഷണ കാമറകൾ സ്ഥാപിച്ചപ്പോൾ ഇതിന് പരിഹാരമാകുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ .എന്നാൽ കാമറകൾ മിഴിയടച്ചതോടെ അപകടങ്ങൾക്ക് കുറവില്ലാതെയായി.

സ്റ്റേഷനുമായും ബന്ധപ്പെടുത്തി

നിരീക്ഷണ കാമറകളിലെ ദൃശ്യങ്ങൾ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലും ലഭിക്കുന്ന രീതിയിലായിരുന്നു സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ, ഈ ദൃശ്യങ്ങൾ പരിശോധിച്ച് ഗതാഗത ലംഘനം കണ്ടെത്തി പിഴയീടാക്കാനുള്ള സ്ഥിരം സംവിധാനം അമ്പലപ്പുഴ സ്റ്റേഷനിൽ ക്രമീകരിച്ചിരുന്നില്ല. റിസപ്ഷൻ ജോലിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥരെത്തന്നെയാണ് കാമറ ദൃശ്യങ്ങൾ പരിശോധിക്കാനും ചുമതലപ്പെടുത്തിയിരുന്നത്.

സ്ഥാപിച്ച കാമറകൾ............. 9

ആകെ ചിലവ് ........................27 ലക്ഷം

സ്ഥാപിച്ചത് ...........................2019ൽ

''കേടുപാടുകൾ തീർത്ത് നിരീക്ഷണ കാമറകൾ അടിയന്തരമായി പ്രവർത്തന സജ്ജമാക്കണം. എങ്കിലേ മേൽപ്പാലത്തിലെ നിയമലംഘനത്തിന് പരിഹാരമാവുകയുള്ളൂ

- നസീർ താഴ്ചയിൽ. പൊതുപ്രവർത്തകൻ,കാക്കാഴം