ചേർത്തല : കൊക്കോതമംഗലം സെന്റ് ആന്റണീസ് സ്‌കൂളിൽ ഔഷധവനം പദ്ധതിക്കും ഐ.എ.എസ് പരിശീലനത്തിനും നാളെ തുടക്കമാകും. സ്‌കൂളിലെ 1986 എസ്.എസ്.സി ബാച്ചിന്റെ കൂട്ടായ്മയായ 'ഒന്നാണ് നമ്മൾ" ലെ അംഗങ്ങൾക്ക് 50 വയസ് പൂർത്തിയാകുന്നതിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. 50 സാമൂഹ്യ സേവന പദ്ധതികളാണ് സംഘടന ഇതിന്റെ ഭാഗമായി ഏറ്റെടുത്തിരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സ്‌കൂളിന്റെ 80 സെന്റ് സ്ഥലത്ത് പരിസ്ഥിതി പ്രവർത്തകൻ കെ.വി.ദയാലിന്റെ സഹകരണത്തിലാണ് ഔഷധവനം ഒരുക്കുന്നത്.
നാളെ രാവിലെ 10ന് മന്ത്റി പി. പ്രസാദ് ഔഷധവനം പദ്ധതി ഉദ്ഘാടനം ചെയ്യും. ഐ.എ.എസ് പരിശീലന പദ്ധതി യുടെ ഉദ്ഘാടനം എ.എം.ആരിഫ് എം.പി നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.മഞ്ജുള അദ്ധ്യക്ഷയാകും. അംഗങ്ങളുടെ മെഡിക്ളെയിം പദ്ധതി വൈസ് പ്രസിഡന്റ് പ്രവീൺ.ജി.പണിക്കർ ഉദ്ഘാടനം ചെയ്യും.ഫാ.തോമസ് പേരേപ്പാടൻ അനുഗ്രഹ പ്രഭാഷണം നടത്തും.വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ വി.എ.തങ്കച്ചൻ,ഒ.ബി.അനിൽകുമാർ,വി.തോമസ്,ജാൻസിജോൺസൺ എന്നിവർ പരിപാടികൾ വിശദീകരിച്ചു.