ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയുടെ ലീഡിംഗ് ചാനലിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും വേഗത്തിൽ നീക്കാൻ കരാറുകാരോട് കളക്ടർ എ.അലക്സാണ്ടർ നിർദ്ദേശിച്ചു. കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിലായിരുന്നു നിർദ്ദേശം. ഡ്രഡ്ജിംഗ് തടസപ്പെട്ടതിനെ തുടർന്ന് 26ന് കേരളകൗമുദി "ആറ്റു തീരത്തെ ആശങ്ക, ഡ്രഡ്ജിംഗ് നിറുത്തി" എന്ന തലക്കെട്ടിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ആദ്യ റീച്ചിലെ തുരുത്തേൽ പാലം മുതൽ പെരുമാങ്കര പാലം വരെയുള്ള ചെളിയും മണലും ആഗസ്റ്റ് രണ്ടു മുതൽ മാറ്റി തുടങ്ങും. നീക്കുന്ന മണലും ചെളിയും ഇടാൻ വീയപുരം പഞ്ചായത്ത് സ്ഥലം ഏറ്റെടുത്തു നൽകിയാൽ രണ്ടാം റീച്ചിലെ പെരുമാങ്കര മുതൽ പാണ്ടി പാലം വരെയുള്ള ഭാഗത്തെ മണ്ണും ചെളിയും നീക്കം ചെയ്യൽ ആരംഭിക്കും. . മൂന്നാം റീച്ചിൽ പാണ്ടി പാലത്തിൽ അടിഞ്ഞു കൂടിയ മണ്ണും ചെളിയും പാലത്തിന് 150 മീറ്റർ മാറി പുതിയ ഡ്രഡ്ജർ ഉപയോഗിച്ച് നീക്കാനും തീരുമാനമായി. നദികളുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തുന്നതിനാൽ മൂന്ന് പാലങ്ങളും പുതുക്കി പണിയാൻ സർക്കാരിന് അപേക്ഷ സമർപ്പിക്കാൻ ജലസേചന വകുപ്പിനെ ചുമതലപ്പെടുത്തി. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എ.എസ്.സുദർശൻ(പുറക്കാട്), ഷീജ സുരേന്ദ്രൻ(വീയപുരം), എസ്.സുരേഷ്(കരുവാറ്റ), അഭി മാത്യു(ചെറുതന), ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ബിനു ബേബി, മാവേലിക്കര അസി.എക്സിക്യൂട്ടീവ് എൻജിനീയർ എൽ.ആശാ ബീഗം, ആലപ്പുഴ അസി.എക്സിക്യൂട്ടീവ് എൻജിനീയർ വി.അജയകുമാർ, ജലസേചന വകുപ്പ് അസി.എൻജിനീയർ യു.മുഹമ്മദ് അജ്മൽ, കരാറുകാരുടെ പ്രതിനിധി എസ്.ശ്രീകുമാർ എന്നിവർ പങ്കെടുത്തു.