ചാരുംമൂട് : ചാരുംമൂട് ടൗണിലെ സിഗ്നൽ ലൈറ്റുകൾ വീണ്ടും തെളിഞ്ഞു. ഇന്നലെയാണ് സിഗ്നൽ ലൈറ്റുകളുടെ തകരാറ് പരിഹരിച്ചത്.
കൊല്ലം - തേനി ദേശീയ പാതയും കായംകുളം - പുനലൂർ സംസ്ഥാന പാതയും സംഗമിക്കുന്ന തിരക്കേറിയ ചാരുംമൂട് ടൗണിന്റെ നാലു ഭാഗത്തേക്കുമുള്ള സിഗ്നൽ ലൈറ്റുകൾ മിക്കവയും തകരാറിലായിരുന്നു.
അപകട സൂചന നൽകുന്ന ചുവന്ന ലൈറ്റുകൾ മിക്കതും കണ്ണടച്ചിരുന്നു. ചില ലൈറ്റുകളാവട്ടെ ഒരു വര പോലെ മാത്രമാണ് തെളിഞ്ഞിരുന്നത്.
ഈ അവസ്ഥ യാത്രക്കാരിൽ ആശങ്കയ്ക്കും അപകടങ്ങൾക്കും കാരണമാകുമെന്നത് കഴിഞ്ഞ ദിവസം കേരളകൺമുദി റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്നലെ രാവിലെ സിഗ്നൽ ലൈറ്റുകൾ പൂർണമായും തകരാറിലായി. തുടർന്ന് പൊലീസ് ഗതാഗതം നിയന്ത്രിച്ചു. ഉച്ചയോടെ കെൽട്രോണിൽ നിന്നും ജീവനക്കാരെത്തിച്ചേർന്നു. വൈകുന്നേരത്തോടെ തകരാർ പൂർണമായും പരിഹരിക്കുകയായിരുന്നു. ചില ലൈറ്റുകളുടെ തകരാറ് പരിഹരിക്കുകയും മറ്റ് ചിലത് മാറ്റി പുതിയത് സ്ഥാപിച്ചതായും ജീവനക്കാർ പറഞ്ഞു.
ലൈറ്റുകളുടെ തകരാറ് പരിഹരിച്ചതോടെ ടൗണിലെ അപകട ഭീഷണി ഒഴിവായി.
2013-14ൽ കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 999209 രൂപ ചെലവഴിച്ചാണ് ടൗണിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ചത്.